വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ സിനിമാ പ്രവര്‍ത്തകരെയും സംഘടനയെയും വെല്ലുവിളിച്ച് ഷെയ്ന്‍ നിഗം രംഗത്തെത്തിയതോടെ ഏവരും ഇനി എന്ത് സംഭവിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ താരം മുടി പറ്റെവെട്ടി താടിയും വടിച്ച് രംഗത്തെത്തിയത് സിനിമയെ ബാധിക്കുമോ അതല്ല ഷെയ്‌ന്റെ ഭാവിയെ ബാധിക്കുമോ എന്നാണ് ചര്‍ച്ചയാകുന്നത്.
അമ്മ അസോസിയേഷനും നിര്‍മാതാക്കളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ വെയില്‍ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ന്‍ ഉറപ്പുനല്‍കിയിരുന്നു. അത് ലംഘിച്ചാണ് കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയില്‍ താരം ഇറങ്ങിപ്പോയത്. പ്രതിഷേധത്തിന്റെ സൂചനയായി താടിയും മുടിയും വെട്ടിയാണ് പുതിയ സമരമുറ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ വെയില്‍ സിനിമ പ്രതിസന്ധിയിലായി. പതിനഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന ധാരണയ്ക്ക് വിരുദ്ധമായി 20 ദിവസം ചോദിച്ചുവെന്നും പിന്നീട് ചിത്രീകരണ വേളയില്‍ മോശം അനുഭവമുണ്ടായെന്നുമാണ് ഷെയ്ന്‍ പറയുന്നത്.
.സിനിമയ്ക്കായി നീട്ടി വളര്‍ത്തിയ താടിയും മുടിയുമായിരുന്നു വേണ്ടത്. ഈ സാഹചര്യത്തില്‍ ഒരു സിനിമ തന്നെ പൂര്‍ണമായി മുടങ്ങുന്ന വക്കിലാണ് കാര്യങ്ങള്‍ പോകുന്നത്. കഴിഞ്ഞ സംഭവത്തെ തുടര്‍ന്ന് നിര്‍മാതാവ് ജോബി ജോര്‍ജ് വീണ്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്. ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ ‘അമ്മ’യെ അറിയിച്ചിരുന്നു. ഇതോടെ ഷെയ്ന്‍ നിഗത്തെ നായകനാക്കി സിനിമ പ്രഖ്യാപിച്ചവരെല്ലാം തന്നെ ഈ വിഷയത്തില്‍ ആശങ്കയിലാണ്. ഷെയ്‌നും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വിവാദമായ ചിത്രമായിരുന്നു വെയില്‍. തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയും വെയിലുമായി ഷെയ്ന്‍ സഹകരിക്കുമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു. തര്‍ക്കം പരിഹരിച്ച് ഷൂട്ടിങ് ആരംഭിച്ചിരുന്നു. അതിനിടെയാണ് സെറ്റില്‍ നിന്നും താരം ഇറങ്ങിപ്പോകുന്നത്.ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ന്‍ നിഗം രംഗത്തെത്തിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞ ശേഷം മറ്റൊരു ചിത്രമായ ‘കുര്‍ബാനി’ക്കുവേണ്ടി പിന്നിലെ മുടി വെട്ടിയതിനെ തുടര്‍ന്ന് വെയിലിന്റെ ഷൂട്ടിങ് മുടക്കാനാണ് ഇത് ചെയ്തതെന്ന് ആരോപിച്ചാണ് നിര്‍മാതാവ് വധഭീഷണി മുഴക്കിയത് എന്നായിരുന്നു ഷെയ്‌ന്റെ ആരോപണം.ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയാണ് ഷെയ്ന്‍ ജോബിക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്.
തുടര്‍ന്ന് ജോബി കൊച്ചിയില്‍ വാര്‍ത്തസമ്മേളനം നടത്തി. ഷെയ്‌നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ ജോബി, 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ന്‍ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോള്‍ അത് 40 ലക്ഷമാക്കിയെന്നും പറയുന്നു. ഭീഷണിപ്പെടുത്തുകയല്ല തന്റെ അവസ്ഥ പറയുകയാണുണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു. അതിനുശേഷമാണ് പ്രശ്‌നം പരിഹരിക്കാന്‍ നിര്‍മാതാക്കളുടെയും താരങ്ങളുടെയും സംഘടന മുന്‍കൈ എടുക്കുന്നത്.