കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിനെ മലയാള സിനിമയില്‍ തുടര്‍ന്ന് അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. അസോസിയേഷന്‍ നേതാക്കളായ സിയാദ് കോക്കര്‍, എം. രഞ്ജിത്ത് തുടങ്ങിയവര്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഷെയിനിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഷെയ്ന്‍ കാരണം മൂന്ന് സിനിമകള്‍ക്കായി ഏഴ് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ തുക ഷെയ്ന്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചുനല്‍കണം. നിര്‍മാതാക്കള്‍ക്കുണ്ടായ ഈ നഷ്ടം നികത്തുന്നത് വരെ ഷെയ്‌നിനെ സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന് അസോസിയേഷന്‍ പറഞ്ഞു.
തൊണ്ണൂറു വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഒരു നടനും ഇതുവരെ ഇതുപോലെ പെരുമാറിയിട്ടില്ല. ഷെയ്ന്‍ അഭിനയിച്ച സിനിമകള്‍ മുന്നോട്ട് പോകാന്‍ എന്നും ചര്‍ച്ചകള്‍ വേണ്ടിവന്നിരുന്നു. വെയ്ല്‍, കുര്‍ബാനി തുടങ്ങിയ സിനിമികളോട് ഷെയ്ന്‍ തുടക്കം മുതല്‍ തന്നെ നിസ്സഹകരിക്കുകയായിരുന്നു. ഒടുവില്‍ ഷെയ്‌നിന്റെ അമ്മയുമായി ബന്ധപ്പെട്ടു. അമ്മ കാര്യങ്ങള്‍ നിയന്ത്രിച്ചു. എന്നാല്‍, നിര്‍മ്മാതാവ് ലൊക്കേഷനില്‍ വരാന്‍ പാടില്ല എന്നായിരുന്നു ഷെയ്‌നിന്റെ നിലപാട്. അതും ഞങ്ങള്‍ അംഗീകരിച്ചു. അമ്മ ലൊക്കേഷനില്‍ വന്നതുകൊണ്ടാണോ എന്നറിയില്ല. പിറ്റേ ദിവസം ബൈക്കെടുത്ത് ഷെയ്ന്‍ എങ്ങോട്ടോ പോയി. അന്നു മുതല്‍ ചിത്രീകരണം നിലച്ചു. പല തവണ ശ്രമിച്ചെങ്കിലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. രണ്ട് ദിവസം ലൊക്കേഷനില്‍ മൊത്തം ഷെയ്‌നിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. അതിനു ശേഷമായിരുന്നു മുടി വെട്ടിക്കൊണ്ട് കോടിക്കണക്കിനാളുകളെ കളിയാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട് ഒരു പരാതി ഉണ്ടായിരുന്നു. 25 ലക്ഷം രൂപയ്ക്കാണ് കരാറുണ്ടാക്കിയത്. എന്നാല്‍, ഡബ്ബിങ്ങിന് വരണമെങ്കില്‍ 20 ലക്ഷം കൂടി വേണമെന്ന് ഷെയ്ന്‍ ആവശ്യപ്പെട്ടു. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം ആരും ഇതുവരെ ഇത്തരത്തില്‍ പെരുമാറിയിട്ടില്ല.
ഷെയ്‌നിന്റെ ഇത്തരത്തിലുള്ള നിസ്സഹകരണം കാരണം വെയിലും കുര്‍ബാനിയും ഉപേക്ഷിക്കുകയാണ്. ഇതുമൂലം ഉണ്ടായിട്ടുള്ള കോടികളുടെ നഷ്ടം ഷെയ്ന്‍ നികത്തണം. അതുവരെ ഞങ്ങള്‍ ഷെയ്‌നുമായി സഹകരിക്കില്ല. ഷെയ്‌നിനെ വച്ച് മലയാളത്തില്‍ ഒരു സിനിമ പോലും ഞങ്ങള്‍ നിര്‍മിക്കില്ല അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. താന്തോന്നിയില്‍ പൃഥ്വിരാജിന്റെ കുട്ടിക്കാലം അഭിനയിച്ച ബാലതാരമായിട്ടായിരുന്നു ഷെയ്‌നിന്റെ അരങ്ങേറ്റം. ഏതാനും ടെലിവിഷന്‍ സീരിയിലുകളിലും വേഷമിട്ടിട്ടുണ്ട്. തുടര്‍ന്ന് അന്‍വര്‍, നീലാകാശവും പച്ചക്കടല്‍ ചുവന്ന ഭൂമി, അന്നയും റസൂലും ബാല്യകാലസഖി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്താണ് നായകനായ ആദ്യ ചിത്രം. കെയര്‍ ഓഫ് സെയ്‌റാ ബാനു, പറവ, ഈട, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍.