ഷംനാസിന്റെ പരാതി വ്യാജം; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

','

' ); } ?>

നിര്‍മ്മാതാവ് പി.എസ്. ഷംനാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നടന്‍ നിവിന്‍ പോളിക്കെതിരെ കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കിയതിനും എതിരായാണ് അന്വേഷണം. വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഭാരതീയ ന്യായ സംഹിത 227 -വകുപ്പ് പ്രകാരമാണ് ഉത്തരവ്.

നടൻ നിവിൻപോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ എഫ്.ഐ.ആര്‍ ഇടാനുള്ള ഉത്തരവ് നേടുന്നതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധമുള്ള രേഖകൾ ഹാജരാക്കിയെന്നാണ് പരാതി. നിവിന്‍ പോളിക്കെതിരെ എഫ്.ഐ.ആര്‍ ഇടാന്‍ ഉത്തവിട്ട അതേ കോടതിയാണ്, ആ വിധി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിലൂടെ നേടിയതാണെന്ന് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷംനാസിനെതിരെ ജാമ്യമില്ലാ വകുപ്പിൽ പുതിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കി. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കുകയും ചെയ്തു. ഫിലിം ചേംബറില്‍ നിന്നും കിട്ടിയ രേഖ ഹാജരാക്കി സിനിമയുടെ പൂര്‍ണ അവകാശം തനിക്കാണെന്ന് വൈക്കം കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ ഷംനാസ് അവകാശപ്പെട്ടു. ഈ കേസില്‍ നിവിന്‍ പോളിക്കെതിരെ എഫ്.ഐ.ആര്‍ ഇടാനുള്ള ഉത്തരവ് നേടുകയും ചെയ്തു.

ഷംനാസ് പരാതി നൽകിയതിന് പിന്നാലെ നിവിൻ പോളിയും ഷംനാസിനെതിരെ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഷംനാസിനെതിരെ പോലീസ് കേസെടുത്തിരുന്നു. ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ വ്യാജ ഒപ്പിട്ട് സ്വന്തമാക്കി എന്നാണ് നിവിൻ പോളിയുടെ പരാതി. പാലാരിവട്ടം പൊലീസ് എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു. കൂടാതെ ഷംനാസിനെതിരെ കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിനും നിവിൻ പോളി പരാതി നല്കിയിട്ടുണ്ടായിരുന്നു.

എന്നാൽ ഈ പരാതി വ്യാജമാണെന്നും നിവിൻ പോളിക്കെതിരേ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്തതുകൊണ്ടാണ് തനിക്കെതിരേ വ്യാജ പരാതി നൽകിയിരിക്കുന്നതെന്നുമായിരുന്നു ഷംനാസ് പ്രതികരിച്ചത്.