
തന്റെ പ്രകടനം അച്ഛൻ തിലകനെ ഓർമിപ്പിച്ചെന്ന പൃഥ്വിരാജിന്റെ പ്രശംസ തൻ്റെ മനസ്സിൽ തട്ടിയെന്ന് തുറന്നു പറഞ്ഞ് നടൻ ഷമ്മി തിലകൻ. പൃഥ്വിയുടെ വാക്കുകളെ താനൊരു അവാർഡ് പോലെയാണ് കാണുന്നതെന്നും, ഇതുവരെയായിട്ടും പ്രിഥ്വിയോട് ഒരു നന്ദി പറയാൻ പറ്റിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷമ്മി തിലകൻ.
“പൃഥ്വിരാജിനേക്കാൾ കൂടുതൽ ബന്ധമുണ്ടായിരുന്നത് അദ്ദേഹത്തിന്റെ അച്ഛനുമായിട്ടാണ്. സുകുവേട്ടനാണ് എൻ്റെ ആദ്യസിനിമയുടെ നിർമാതാവ്. ഷമ്മിച്ചേട്ടന്റെ പ്രകടനം കണ്ടപ്പോൾ തിലകൻ അങ്കിളിനെ ഓർമ വന്നുവെന്നാണ് രാജു പറഞ്ഞത്. ആ പ്രശംസ ഒരു അവാർഡ് പോലെയാണ് കാണുന്നത്. ഇതുവരെയായിട്ടും അവനോട് ഒരു നന്ദി പറയാൻ എനിക്ക് പറ്റിയിട്ടില്ല. നീ തന്ന പ്രോത്സാഹനം മനസിൽതട്ടി. ഐ ലവ് യു, ഐ ലവ് യു, ലവ് യു സോ മച്ച്.” ഷമ്മി തിലകൻ പറഞ്ഞു.
“ഭാസ്കരൻ മാസ്റ്റർ എന്ന വേഷത്തിലേക്ക് തന്നെ നിർദേശിച്ചത് പൃഥ്വിരാജാണ് എന്നാണ് തൻ്റെ അറിവെന്ന് ഷമ്മി തിലകൻ പറഞ്ഞു. തിലകൻ ശൈലിയാണ് ഈ കഥാപാത്രത്തിന് വേണ്ടത്. തിലകൻ ഇപ്പോഴില്ലാത്തതുകൊണ്ട് ആ ശൈലിക്ക് അടുത്തുനിൽക്കുന്നു എന്നതുകൊണ്ടാവാം ആ കഥാപാത്രം തന്നെ തേടിയെത്തിയത്. പല തലങ്ങളുള്ള കഥാപാത്രമാണ് ഭാസ്‌കരൻ മാസ്റ്റർ. രാജുവിന്റെ കഥാപാത്രത്തിനുപോലും ഇത്രയും ലേയറുകളില്ല. എഴുത്തുകാരന്റെ പിന്തുണ ഏറ്റവും കൂടുതൽ ഈ കഥാപാത്രത്തിനായിരുന്നു.” ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്‌ത നോവലായ ‘വിലായത്ത് ബുദ്ധ’യുടെ അതേ പേരിലുള്ള ദൃശ്യാവിഷ്‌കാരമാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ എത്തിയിരിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയേറ്റേഴ്‌സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന സിനിമയാണ് ‘വിലായത്ത് ബുദ്ധ’. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി. ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ്, പ്രിയം വധ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.