സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട്ട്‌സ് ലവേഴ്‌സ് അസ്സോസിയേഷന്‍ ‘കല’യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരം നേടിയ സീമ ജി നായര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങള്‍ സീമ ജി നായര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കലയുടെ ട്രസ്റ്റിയും വനിത കമ്മീഷന്‍ അംഗവുമായ ഇ.എം. രാധ, മാനേജിങ്ങ് ട്രസ്റ്റി ലാലു ജോസഫ്, ട്രസ്റ്റികളായ അഭിരാം കൃഷ്ണന്‍, സുഭാഷ് അഞ്ചല്‍, ബിജു പ്രവീണ്‍ (എസ്.എല്‍. പ്രവീണ്‍കുമാര്‍) എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെ ജീവകാരുണ്യ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുന്ന വനിതകള്‍ക്ക് നല്‍കുന്നതാണ് മദര്‍ തെരേസ അവാര്‍ഡ്. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സഹപ്രവര്‍ത്തക ശരണ്യയുടെ ജീവന്‍ സംരക്ഷിച്ച് നിലനിര്‍ത്താന്‍ സ്വന്തം സമ്പാദ്യം ചെലവിട്ട സീമ ജി നായരുടെ മാതൃക ഉദാത്തവും ശ്ലാഘനീയവുമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സീമ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും ശരണ്യ വിട പറഞ്ഞ് നാല്പത്തി ഒന്ന് ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാര്‍ഡ് സമ്മാനിക്കപ്പെട്ടത്.
സിനിമാ സീരിയല്‍ രംഗത്തെ അഭിനയ മികവിനു പുറമെ ആയിരത്തിലധികം വേദികളില്‍ നാടകാഭിനയം കാഴ്ചവച്ചിട്ടുള്ള പ്രതിഭ കൂടിയാണ് സീമ ജി. നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അമച്വര്‍ നാടക,ടെലിവിഷന്‍, അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. സീമയുടെ ജീവകാരുണ്യ പ്രവര്‍ത്തികള്‍ മാനിച്ചാണ്, ദുഃഖിതരും ദുര്‍ബലരുമായ സഹജീവികള്‍ക്ക് മാതൃവാല്‍സല്യത്തോടെ തണലൊരുക്കിയ മദര്‍ തെരേസയുടെ നാമത്തിലുളള അവാര്‍ഡ് സീമയ്ക്ക് നല്‍കിയത്.നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ താരം നടത്താറുണ്ട്.