‘എന്തൊരു ചാരുതയാണവളുടെ ഭാവങ്ങള്‍ക്ക്’ : സത്യന്‍ അന്തിക്കാട്

','

' ); } ?>

‘കുമ്പളങ്ങി നൈറ്റ്‌സി’ലൂടെ ശ്രദ്ധേയയായ അന്ന ബെന്നിന്റെ പുതിയ ചിത്രമാണ് ‘ഹെലന്‍’. ചിത്രത്തിലെ അന്ന ബെന്നിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. അനായാസമാണ് അന്നയുടെ അഭിനയമെന്നും ഹെലനില്‍ അഭിനയത്തിന്റെ പൂര്‍ണ്ണതയെന്താണെന്ന് അന്ന ബെന്‍ നമ്മളെ ബോധ്യപ്പെട്ടുത്തുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറുപ്പിലൂടെയാണ് സത്യന്‍ അന്തിക്കാട് ഈ കാര്യം തുറന്നുപറയുന്നത്.

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

അഹ്ലാദകരമായ ഒരു അമ്പരപ്പിനെ പറ്റി പറയാം. ‘ഹെലന്‍’ എന്ന സിനിമ കണ്ടു. പടം തീര്‍ന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റില്‍ നിന്നെഴുന്നേല്‍ക്കാന്‍ തോന്നിയില്ല. അത്രയേറെ ആ പെണ്‍കുട്ടി എന്നെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു.

അന്ന ബെന്‍..

ബെന്നി പി നായരമ്പലത്തിന്റെ വീട്ടില്‍ പോയിട്ടുളളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല ഈ മോള്‍ക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന്. ‘കുമ്പളങ്ങി നൈറ്റ്‌സ്’ കണ്ടപ്പോള്‍ തന്നെ തോന്നിയിരുന്നു, എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന്. ഹെലനില്‍ അഭിനയത്തിന്റെ പൂര്‍ണ്ണതയെന്താണെന്ന് അന്ന ബെന്‍ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. എന്തൊരു ചാരുതയാണവളുടെ ഭാവങ്ങള്‍ക്ക് !ചിറക് വിരിഞ്ഞിട്ടേയുളളു. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നില്‍ തുറന്ന് കിടക്കുന്നു.

ഇനി ആത്മവിശ്വാസത്തോടെ പറക്കാം. ഒരുപാട് പ്രശംസകളും അംഗീകാരങ്ങളും അന്നയെ കാത്തിരിക്കുന്നുണ്ട്. മനസ്സ് നിറഞ്ഞ സ്‌നേഹവും പ്രാര്‍ത്ഥനയും. വിനീതിനും, ആദ്യ സിനിമ ഹൃദ്യമാക്കിയ മാത്തുക്കുട്ടി സേവ്യറിനും, ഷാനും മറ്റെല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് നിര്‍മ്മിക്കുന്നത്. ‘ആനന്ദ’ത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന സിനിമ കൂടിയാണിത്. ലാല്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംവിധായകനൊപ്പം ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍.