
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത “ടൂറിസ്റ്റ് ഫാമിലി” എന്ന തമിഴ് ചിത്രം സൂപ്പർ വിജയത്തിലേക്ക്. കേരളത്തിലും ഗംഭീര പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനും നേടിയ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
‘ആവേശം’ എന്ന മലയാള ചിത്രത്തിലെ ബിബിമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ മിഥുൻ ജയ് ശങ്കറും ടൂറിസ്റ്റ് ഫാമിലിയിലെ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ശശികുമാറിനും സിമ്രാനുമൊപ്പം മികച്ച പ്രകടനമാണ് മിഥുനും കാഴ്ച്ചവെച്ചിരിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. എസ് ഭാസ്കർ, രമേഷ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി, യോഗലക്ഷ്മി, അബിഷൻ ജിവിന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സംവിധായകൻ അബിഷൻ ജിവിന്ത് തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നത്. ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്യുന്ന ഒരു കുടുംബം രാമേശ്വരത്ത് എത്തുകയും, അവർ ചെന്നൈയിലെ ഒരു കോളനിയിൽ താമസം തുടങ്ങിയതിന് ശേഷം സംഭവിക്കുന്ന കാര്യങ്ങളുമാണ് കോമെഡിയും വൈകാരിക രംഗങ്ങളും കോർത്തിണക്കി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രം ആദ്യ ദിനം തമിഴ്നാട്ടിൽ നിന്നും 2 കോടി നേടിയെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്തിരുന്നത്. രണ്ടാം ദിവസം ചിത്രം 1.65 കോടി നേടി. മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നത് കൊണ്ട് തന്നെ സിനിമയുടെ കളക്ഷൻ വരും ദിവസങ്ങളിൽ ഇനിയും വർധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. 24 മണിക്കൂറിൽ 64,000 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ സിനിമ വിറ്റത്.
മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. കളക്ഷനിലും സിനിമയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സൂര്യ ചിത്രമായ റെട്രോയ്ക്കൊപ്പം ടൂറിസ്റ്റ് ഫാമിലിയ്ക്ക് പിടിച്ചുനിൽക്കാൻ സാധിക്കുന്നുണ്ടെന്നാണ് കളക്ഷനുകൾ സൂചിപ്പിക്കുന്നത്.ഗംഭീര മേക്കിങ് ആണ് സിനിമയുടേതെന്നും ഈ വർഷം പുറത്തിറങ്ങിയതിൽ മികച്ച സിനിമയാണ് ‘ടൂറിസ്റ്റ് ഫാമിലി’ എന്നുമാണ് പ്രതികരണങ്ങൾ. ചിത്രത്തിലെ ഹ്യൂമറും, ഇമോഷൻസും, ഡ്രാമയുമെല്ലാം സംവിധായകൻ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ടെന്നും മികച്ചു നിൽക്കുന്ന പ്രകടനങ്ങളും സിനിമയ്ക്കൊരു മുതൽക്കൂട്ടാണെന്നും പ്രതികരണങ്ങൾ ഉണ്ട്. ശശികുമാറിന്റെയും സിമ്രാനറെയും കൂടെ ആവേശത്തിൽ ബിബിമോനെ അവതരിപ്പിച്ച മിഥുന്റെ കയ്യടി നേടുന്ന പ്രകടനമാണ് ചിത്രത്തിലേതെന്നുമാണ് സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
സിനിമയെ പ്രശംസിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ ആർ ജെ ബാലാജി രംഗത് വന്നിട്ടുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ടൂറിസ്റ്റ് ഫാമിലി കണ്ടുവെന്നും ചിരിക്കുകയും കരയുകയും ഏറെ ആസ്വദിക്കുകയും ചെയ്തുവെന്നും ആർ ജെ ബാലാജി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഒപ്പം ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടട്ടെ എന്നും ആർ ജെ ബാലാജി ആശംസിച്ചു.
ഛായാഗ്രഹണം- അരവിന്ദ് വിശ്വനാഥൻ, സംഗീതം- ഷോൺ റോൾഡൻ, എഡിറ്റിംഗ്- ഭരത് വിക്രമൻ, പിആർഒ- ശബരി