
നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. സംഘടനയിലെ കുത്തകകളുടെ ആധിപത്യത്തിനെതിരെ മാറ്റം കൊണ്ടുവരുന്നതിനാണ് മത്സരമെന്ന് സാന്ദ്ര പറഞ്ഞു. നാമ നിർദേശപത്രിക ഇന്ന് സമർപ്പിക്കും. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
“പതിറ്റാണ്ടുകളായി കുറച്ച് പേർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സംഘടനയാണിത്. സംഘടനയുടെ നേതൃത്വത്തിൽ ഇരിക്കുന്നവർ സ്വാർത്ഥതാൽപര്യങ്ങൾക്കായി പ്രവർത്തിക്കുകയാണ്. സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളുടെയും പൊതുവികാരം ഇക്കാര്യത്തിൽ വ്യക്തമാണ്.
താരങ്ങളുടെ മുന്നിൽ നിര്‍മാതാക്കള്‍ ഓച്ചാനിച്ചു നില്‍ക്കേണ്ടവരല്ല. നിര്‍മാതാക്കളുടെ സംഘടന സിനിമാരംഗത്തെ ഏറ്റവും ശക്തമായ സംഘടനയാണ്. എന്നാല്‍ ഇപ്പോള്‍ അത് ഏകദേശം ഉന്മൂലനത്തിലേക്ക് എത്തിച്ചിരിക്കുകയാണ് നിലവിലെ നേതൃത്വം. സിനിമയുടെ ലാഭ-നഷ്ട കണക്കുകള്‍ പുറത്തുവിട്ട് അത് വൻ പരാജയമായി മാറിയപ്പോള്‍ പോലും നേതൃത്വം പിന്‍വാങ്ങിയില്ല. ഇലക്ഷൻ സമയത്ത് മാത്രം അംഗങ്ങളോട് സമീപിക്കുന്ന ഈ രീതിയും മാറ്റേണ്ടതാണ്. സജീവ നിർമാതാക്കൾക്ക് വേണ്ടിയും മലയാള സിനിമയുടെ ഭാവിക്കുവേണ്ടിയും ഞാൻ മത്സരം ചെയ്യും,” സാന്ദ്ര തോമസ് പറഞ്ഞു