
നടൻ മമ്മൂട്ടിയെ കുറിച്ചുള്ള നിർമ്മാതാവും നടിയുമായ സാന്ദ്രാതോമസ്സിന്റെ പരാമർശം വിമർശനങ്ങൾക്കിരയാകുന്ന സാഹചര്യത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകി സാന്ദ്ര തോമസ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചാണ് താരത്തിന്റെ പ്രതികരണം. ‘ഒറ്റപ്പെടും എന്ന തിരിച്ചറിവിനെ അവഗണിക്കുന്നിടത്താണ് ഓരോ പുതുവഴിയും പിറവികൊള്ളുന്നത്, കാത്തുനില്‍ക്കുക.’ എന്നാണ് സാന്ദ്രയുടെ പോസ്റ്റ്. പിന്നാലെ നിരവധി പേരാണ് സാന്ദ്രയ്ക്ക് പിന്തുണയുമായി എത്തുന്നത്.
‘മമ്മൂട്ടിയെ ഇതില്‍ വലിച്ചിട്ടത് ശരിയായില്ല’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ആരും വലിച്ചിട്ടതല്ല. അദ്ദേഹം താനെ വന്നു കയറിയതാണ്’ എന്നായിരുന്നു അതിനുള്ള സാന്ദ്രയുടെ മറുപടി. ‘മമ്മൂക്കയെ അവഹേളിച്ച അന്നു തൊട്ട് നിന്റെ പതനവും തുടങ്ങി. ഇത് വരെ നിനക്ക് പിന്തുണ തന്നവര്‍ പോലും ഇപ്പോള് നിനക്ക് എതിരാണ്’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘സത്യം പറയുന്നത് എങ്ങനെ അവഹേളനമാകും? മമ്മൂക്ക നല്ലത് ചെയ്തപ്പോള്‍ അതും ഞാന്‍ പറഞ്ഞിട്ടുണ്ട്’ എന്ന് സാന്ദ്ര അയാള്‍ക്ക് മറുപടി നല്‍കുന്നുണ്ട്.
‘നമ്മുക്ക് അന്തസ്സായി അരി മേടിക്കാന്‍ കാശുണ്ടെങ്കില്‍, മറ്റൊരുത്തന്റെ ഔദാര്യത്തില്‍ ജീവിക്കേണ്ട ആവശ്യം ഇല്ലെങ്കില്‍ ഒന്നും പേടിക്കണ്ട. ധൈര്യമായി മുന്നോട്ടു പോകുക., ചരിത്രത്തില്‍ ഒറ്റയ്ക് പൊരുതിയ നേടിയ വിജയങ്ങളും ആവിശ്യമുണ്ട്, കാത്തുനില്‍ക്കുക. ഒറ്റപ്പെടും എന്ന തിരിച്ചറിവിനെ അവഗണിക്കാം , തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല പിന്നെയല്ലേ തകര്‍ക്കാന്‍. നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യവുമായി മുന്നോട്ടു പോവുക. വിജയം നിങ്ങളുടെ കൂടെയാണ്, ഫ്യൂഡല്‍ മാടമ്പിത്തരത്തിനെതിരെ പ്രതികരിച്ചതിന് പരിപൂര്‍ണ്ണ സപ്പോര്‍ട്ട്’ എന്നിങ്ങനെയാണ് സാന്ദ്രയ്ക്ക് പിന്തുണയുമായെത്തുന്നവര്‍ പറയുന്നത്.
കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷനിലേക്ക് മത്സരിക്കാൻ സാന്ദ്ര തോമസ് നൽകിയ നാമ നിർദ്ദേശ പത്രിക അസോസിയേഷൻ തള്ളിയിരുന്നു. അതിനെതിരെ സാന്ദ്ര സബ് കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ നൽകിയ ഒരഭിമുഖത്തിലാണ് നടൻ മമ്മൂട്ടിയെ കുറിച്ച് സാന്ദ്ര സംസാരിക്കുന്നത്. മമ്മൂട്ടി വിളിച്ചിരുന്നുവെന്നും കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെന്നും സാന്ദ്ര പറഞ്ഞു. തന്റെ നിലപാട് വ്യക്തമാക്കിയതോടെ താനുമായി കമ്മിറ്റ് ചെയ്ത പ്രോജെക്ടിൽ നിന്ന് പിന്മാറിയെന്നും സാന്ദ്ര കൂട്ടിച്ചേർത്തിരുന്നു.
കോടതിയിൽ ഹർജി ഫയൽ ചെയ്ത സംഭവത്തിൽ കൂടുതൽ വിശദാംശങ്ങളും സാന്ദ്ര നൽകിയിരുന്നു.”3 മണിക്കൂർ നീണ്ടു നിന്ന എന്റെ വാദം പൂർത്തിയായി . എന്റെ ഭാഗം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് എനിക്ക് നീതി ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കേസ് പതിനൊന്നാം തിയതി തിങ്കളാഴ്‌ചയിലേക്കു പോസ്റ്റ് ചെയ്‌റ്റിട്ടുണ്ട്. അന്ന് വിധി പറയുമെന്ന് പ്രതീക്ഷിക്കുന്നു” സാന്ദ്ര പറഞ്ഞു
പിന്നാലെ നിർമ്മാതാവ് റെനീഷ് എൻ അബ്ദുൽ ഖാദർ മമ്മൂട്ടിയെ കുറിച്ചുള്ള പരാമർശങ്ങളിൽ ചോദ്യങ്ങളുമായി രംഗത്തു വന്നിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് വീഡിയോയുമായി ലിസ്റ്റിൻ എത്തിയിരിക്കുന്നത്. അതിനിടെ, സാന്ദ്ര തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ നൽകിയ മാനനഷ്ട കേസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ച. എറണാകുളം സബ് കോടതി മുൻപാകെ ലിസ്റ്റിൻ സ്റ്റീഫൻ 2 കോടി രൂപനഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ മറ്റൊരു അപകീർത്തി കേസിൽ സാന്ദ്ര തോമസിനു കോടതി സമൻസ് അയച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നിലവില്‍ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിന്‍ നല്‍കിയിട്ടുള്ളത്.