
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി.രാകേഷിനെതിരെ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. സംവിധായകൻ ഖാലിദ് റഹ്മാനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ചതിനാണ് വിമർശനം. സിനിമ മേഖലയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിർമാതാക്കളുടെ സംഘടന പുതിയ നിർദേശം അവതരിപ്പിച്ചതിന് പിന്നാലെ ലഹരി കേസിൽപ്പെട്ട യുവസംവിധായകനുമൊത്ത് പുതിയ ചിത്രം പ്രഖ്യാപിച്ചത് കുളം കലക്കി മീൻ പിടിക്കുന്നവർക്കുള്ള അവസരമായി കാണുന്നുവെന്ന് സാന്ദ്ര തോമസ് പറഞ്ഞു.
പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറിയുടെ പൊയ്‌മുഖം പുറത്തുവന്നു. പാവപെട്ട നിർമാതാക്കളെ കൊണ്ട് നടീനടന്മാർക്കു പ്രഷർ ഇട്ട് ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം വാങ്ങിപ്പിക്കാൻ ശ്രമിക്കുമ്പോൾ, അവരുടെ പ്രൊജക്റ്റ് നഷ്ടമാകും. സ്വന്തമായി ഒരു പ്രോജക്ട് ഉണ്ടാക്കാൻ കഴിവില്ലാത്ത ആളുകൾ ഇങ്ങനെ സംഘടനയുടെ ഭാരവാഹിത്തം ഉപയോഗിച്ചു അത് കൈക്കലാക്കുകയുംചെയ്യും . കൊള്ളാം സൂപ്പർ ഐഡിയ രാകേഷേട്ടാ, നമ്മുടെ നിർമാതാക്കൾക്ക് തിരിച്ചറിവ് വരാത്തിടത്തോളം നിങ്ങളെ പോലെ കുളം കലക്കി മീൻ പിടിക്കുന്നവർ തുടരും!.
സാന്ദ്ര തോമസ് കുറിച്ചു.
കഴിഞ്ഞ ദിവസമാണ് സിനിമയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കില്ല എന്ന് ഓരോരുത്തരും സത്യവാങ്മൂലം നൽകണമെന്ന് നിർമാതാക്കളുടെ സംഘടന പുതിയ നിർദേശം വച്ചത്. സിനിമയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാർക്കും നിബന്ധന ബാധകമാകും. ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്താനായിരുന്നു പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ ആലോചന.