
നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവില്ലെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ വിജയ് ബാബു. സാന്ദ്രക്ക് കഴിഞ്ഞ പത്തുവർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി യാതൊരു ബന്ധവുമില്ലെന്നും, ഒരു വ്യക്തിക്കല്ല, കമ്പനിക്കാണ് സെൻസർ എന്നുമാണ് വിജയ് പറയുന്നത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“ഒബ്ജെക്ഷൻ യുവർ ഓണർ, സാന്ദ്രാ തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനോ യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനോ സാധിക്കില്ല. തന്‍റെ സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ മാത്രമാണ് സാധിക്കുക.
എൻ്റെ അറിവിൽ സെൻസർ ഒരു സ്ഥാപനത്തിനാണ്, അല്ലാതെ വ്യക്തിക്കല്ല. അവർ കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ചിരുന്നു. എന്നാൽ, തൻ്റെ ഓഹരിയോ അതിൽ കൂടുതലോ വാങ്ങിയ ശേഷം 2016-ൽ നിയമപരമായി രാജിവച്ചു. കഴിഞ്ഞ 10 വർഷമായി അവർക്ക് ഫ്രൈഡേ ഫിലിം ഹൗസുമായി യാതൊരു ബന്ധവുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. തീരുമാനം മറിച്ചാണെങ്കിൽ, ഒരുപക്ഷേ അത് നമുക്കെല്ലാവർക്കും ഒരു പുതിയ അറിവായേക്കാം.” വിജയ് ബാബു കുറിച്ചു”.
നേരത്തെ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. ഈ ചിത്രങ്ങളുടെ എണ്ണം കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തനിക്ക് സംഘടനയുടെ പ്രസിഡന്‍റ്, സെക്രട്ടറി മുതലായ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്ന് സാന്ദ്ര സമര്‍ഥിച്ചത്. ഈ വിഷയത്തിലാണിപ്പോൾ വിജയ് ബാബു പ്രതികരിച്ചിരിക്കുന്നത്.
ഈ മാസം നാലാം തീയതിയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത സാന്ദ്രാ തോമസിന്റെ പത്രിക തള്ളിയത്. തിരഞ്ഞെടുപ്പ് ബൈലോ പ്രകാരം മൂന്നോ അതിലധികമോ സിനിമകള്‍ സ്വതന്ത്രമായി നിര്‍മിച്ച ഏതൊരു അംഗത്തിനും പത്രിക സമര്‍പ്പിക്കാമെന്നിരിക്കേ സാന്ദ്രാ തോമസ് രണ്ട് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സമര്‍പ്പിച്ചതെന്നു കാണിച്ചാണ് പത്രിക തള്ളിയത്. മൂന്നാമതായി ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഉള്ളതാണെന്നും അത് യോഗ്യതയായി പരിഗണിക്കനാവില്ലെന്നുമായിരുന്നു റിട്ടേണിങ് ഓഫീസറുടെ നിലപാട്. പ്രസിഡന്റ്, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്രാതോമസ് പത്രിക സമര്‍പ്പിച്ചിരുന്നത്.