കന്നഡ നടന്‍ സഞ്ചാരി വിജയ് അന്തരിച്ചു

','

' ); } ?>

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ജേതാവായ സഞ്ചാരി വിജയ് അന്തരിച്ചു .38 വയസായിരുന്നു. ഇന്നലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്നാണ് മരണം. അടിയന്തിര മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയിട്ടും വിജയ്യെ രക്ഷിക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു. 2015ല്‍ ‘നാനു അവനല്ല… അവളു’ എന്ന ചിത്രത്തിലെ ട്രാന്‍സ്ജണ്ടര്‍ കഥാപാത്രത്തിനാണ് വിജയ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത്.

ശനിയാഴ്ച രാത്രി 11:45 ഓടെയാണ് അപകടം ഉണ്ടായത്. സുഹൃത്ത് നവീനുമൊത്ത് ബൈക്കില്‍ യാത്ര ചെയ്തിരുന്ന വിജയ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തെറിച്ചുവീഴുകയായിരുന്നു. വിജയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നവീന്റെ കാലിന് ഒടിവുണ്ടായി. മരുന്ന് വാങ്ങാനാണ് ഇരുവരും ബൈക്കില്‍ രാത്രി യാത്ര ചെയ്തത്.അപകടത്തില്‍ നടന്റെ തലയ്ക്ക് പരിക്ക് പറ്റുകയും തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. നടന്റെ വിയോഗത്തില്‍ സിനിമ മേഖലയില്‍ നിന്ന് നിരവധിപ്പേര്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.

കന്നഡ സിനിമാ ലോകത്ത് നിന്ന് പുനീത് രാജ്കുമാര്‍, കിച്ച സുദീപ് ഉള്‍പ്പെടെ വിജയ്യുടെ മരണത്തില്‍ അനുശോചനമറിയിച്ചു. ലോക്ക്ഡൗണിന് മുന്‍പ് സഞ്ചാരി വിജയുമായി രണ്ട് വട്ടം കൂടിക്കാഴ്ച നടത്തിയിരുന്നതായും വേര്‍പാട് വേദനിപ്പിക്കുന്നതായും കിച്ച സുദീപ് ട്വീറ്റ് ചെയ്തു.എല്ലായ്‌പ്പോഴും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സഞ്ചാരി വിജയ്യെന്ന് സഹോദരന്‍ സിദ്ധേഷ് കുമാര്‍ പറഞ്ഞു . കോവിഡ് സമയത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം സഹായങ്ങള്‍ നല്‍കിയിരുന്നു. അതിനാല്‍, അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മരണത്തിലും അദ്ദേഹം സമൂഹത്തെ സഹായിക്കുന്നത് തുടരുമെന്നും സിദ്ധേഷ് കുമാര്‍ പറഞ്ഞു.