“ഞാൻ കൈപിടിച്ചുയർത്തിയവർ എന്നെ അറിയില്ലെന്ന് മൗനം പാലിക്കുമ്പോഴാണ് അടൂരിന്റെ ഈ ഓർമ്മപ്പെടുത്തൽ”; സനൽ കുമാർ ശശിധരൻ

','

' ); } ?>

ഇഷ്ടസംവിധായകരുടെ പേരുകൾ പരാമർശിച്ച കൂട്ടത്തിൽ തന്റെ പേരും എടുത്തു പറഞ്ഞതിന് അടൂർ ഗോപാലകൃഷ്ണന് നന്ദി അറിയിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. ‘താൻ കൈപിടിച്ചുയർത്തിയവർ തന്നെ അറിയില്ലെന്ന് മൗനം പാലിക്കുമ്പോഴാണ് അടൂരിന്റെ ഓർമ്മപ്പെടുത്തലെന്ന് സനൽകുമാർ പറഞ്ഞു. അത് തന്നെയാണ് അടൂരിന്റെ മഹത്വമെന്നും സനൽ കുമാർ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“വിരലിലെണ്ണിപ്പറയുന്ന ഇഷ്ടസംവിധായകരുടെ കൂട്ടത്തിൽ അടൂർ എന്റെയും പേരു പറഞ്ഞിരിക്കുന്നു. സമൂഹത്തിന്റെ ചലനങ്ങളെല്ലാം അറിയുന്ന മനുഷ്യൻ എന്ന നിലയിൽ എന്റെ മേലുള്ള ദുരാരോപണങ്ങളും അറസ്റ്റുനാടകങ്ങളും എല്ലാം അദ്ദേഹം അറിഞ്ഞിട്ടുണ്ടാവാതിരിക്കാൻ ഒരു വഴിയുമില്ല. എല്ലാം ഏകപക്ഷീയമായ പ്രചരണങ്ങളും എന്നെ കുറ്റവിചാരണ ചെയ്യാതെയുള്ള വിധികളുമായിരുന്നു. പക്ഷേ അടൂർ ഗോപാലകൃഷ്ണൻ എന്ന മനുഷ്യൻ, ചലച്ചിത്രകാരൻ എന്നെ വിധിച്ചില്ല. എലിപ്പത്തായവും മുഖാമുഖവും അനന്തരവും കൊടിയേറ്റവും മതിലുകളും വിധേയനും കഥാപുരുഷനും തുടങ്ങിയ എണ്ണം പറഞ്ഞ സിനിമകൾ ചെയ്ത വലിയ കലാകാരനാണ്. ഇഷ്ടസംവിധായകരുടെ പേരുകൾ ചോദിക്കുമ്പോൾ അദ്ദേഹത്തിന് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന എന്നെ മനപൂർവം ഒഴിവാക്കാവുന്നതേയുള്ളു”. സനൽ കുമാർ കുറിച്ചു.

“അടൂർ സാറിനെ ഞാൻ കണ്ടിട്ടോ സംസാരിച്ചിട്ടോ വർഷങ്ങളായി. മറന്നുപോകാം, പറയാതിരിക്കാം, പറഞ്ഞിട്ട് എന്റെ മേൽ കുതിരകയറുന്നവരുടെ കുതിരകയറ്റം എന്തിന് തന്റെമേൽ ഏറ്റുവാങ്ങണം എന്ന് ചിന്തിക്കാം. പക്ഷേ അദ്ദേഹം അത് പറഞ്ഞു. എനിക്കൊപ്പം നടന്നവർ, ഞാൻ കൈപിടിച്ചു സിനിമയിലേക്ക് നടത്തിയവർ, ഞാനുയർത്തിയ ചെറുതണലുകളിൽ അൽപമെങ്കിലും ഇരുന്നവർ എല്ലാം അപൂർവം ചിലരൊഴികെ എന്നെ അറിയില്ല എന്നപോലെ മൗനം പാലിക്കുമ്പോഴാണ് ഇതെന്നോർക്കണം. അതാണ് ഒരു മനുഷ്യൻ എന്ന നിലയിലും കലാകാരൻ എന്ന നിലയിലും അടൂരിന്റെ മഹത്വം”. സനൽ കുമാർ കൂട്ടിച്ചേർത്തു.

പിന്തുടര്‍ന്ന് ശല്യംചെയ്തുവെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തു നിന്നെത്തിയ സംവിധായകനെ മുംബൈ വിമാനത്താവളത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം എളമക്കര പോലീസിന് കൈമാറുകയായിരുന്നു. കൊച്ചിയില്‍നിന്നുള്ള സംഘം മുംബൈയിലെത്തിയാണ് സനലിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് എറണാകുളം മജിസ്‌ട്രേറ്റ് കോടതി സനലിന് ജാമ്യം അനുവദിക്കുകയായിരുന്നു.
എന്നാൽ തനിക്കെതിരെ പരാതി നല്‍കിയ നടിയെ ഒരു മാഫിയ തടവില്‍ വച്ചിരിക്കുകയാണെന്നും, അവരാണ് തനിക്കെതിരായ കേസിന് പിന്നിലെന്നും സനല്‍കുമാര്‍ വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

ദളിതരെ കുറിച്ചും, സ്ത്രീകളെ കുറിച്ചും മോശമായി പരാമർശിച്ചെന്നാരോപിച്ച് അടൂരിനെതിരെയുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്.