സനല്‍ കുമാര്‍ ശശി ധരന്റെ ചോല അന്താരാഷ്ട്ര തലത്തിലേയ്ക്ക്..

','

' ); } ?>

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ”ചോല” എന്ന ചിത്രത്തിന് അന്താരാഷ്ട്ര അംഗീകാരം. പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.ചിത്രത്തിന്റെ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറിന് സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍, ഷാജി മാത്യു എന്നിവര്‍ പങ്കെടുക്കും.

ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ലോകത്തെ മൂന്ന് പ്രധാന ചലചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ഒറിസോണ്ടി മത്സരവിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമാണ് ഒറിസോണ്ടി.

ലോകത്തിലെ തന്നെ ആദ്യത്തെ ചലച്ചിത്രോത്സവമായ വെനീസ് ചലചിത്രമേളയില്‍ ഇതിനു മുന്‍പ് പ്രദര്‍ശിപ്പിക്കപ്പെട്ട മലയാള സിനിമകള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കുത്ത് എന്നിവയാണ്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് നിര്‍മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്.

ജോജു ജോര്‍ജ്, നിമിഷ സജയന്‍, നവാഗതനായ അഖില്‍ വിശ്വനാഥ് എന്നിവരാണ് ചോലയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ സജയനു മികച്ച നടിക്കും ജോജു ജോര്‍ജിന് മികച്ച സ്വഭാവനടനുമുള്ള അവാര്‍ഡുകള്‍ നേടിക്കൊടുത്തതും ചോലയിലെ കഥാപാത്രങ്ങളായിരുന്നു.

സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ എന്ന ചിത്രം 2017 ല്‍ നെതര്‍ലാന്‍ഡിലെ റോട്ടര്‍ ഡാം, സ്വിറ്റ്‌സര്‍ലന്‍ഡിലെ ജെനീവ, അര്‍മീനിയയിലെ യെരവാന്‍, മെക്‌സിക്കോയിലെ ഗുവാനോജുവാട്ടോ, ഇറ്റലിയിലെ പെസാറോ, സ്‌പെയിനിലെ വാലന്‍സിയ, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള എന്നിവിടങ്ങളില്‍ പുരസ്‌കാരം നേടിയിരുന്നു..