
കഴിഞ്ഞ വർഷം മാത്രം 15ഓളം ബ്രാൻഡുകളുടെ ഓഫറുകൾ താൻ വേണ്ടെന്ന് പറഞ്ഞെന്ന് നടി സമാന്ത റൂത്ത് പ്രഭു. ഫുഡ്‌ഫാർമർക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു ബ്രാൻഡിന്റെ മുഖമാകുന്നത് വിജയത്തിന്റെ അടയാളമായി കണക്കാക്കുന്ന അവസ്ഥയിൽ നിന്നും മാറിചിന്തിച്ചതിന്റെ കാരണങ്ങളാണ് താരം വെളിപ്പെടുത്തിയത്.
“ഇൻഡസ്ട്രിയിലേക്ക് പുതിയതായി കടന്നു വന്നപ്പോഴാണ് ഒരു ബ്രാൻഡിന്റെ മുഖമായി മാറുന്നത് വിജയത്തിന്റെ ഭാഗമായാണ് ആളുകൾ കണക്കാക്കുന്നതെന്ന് മനസ്സിലായത്. അതുകൊണ്ടാണ് ഞാൻ അത് ഒരു പ്രശസ്തിയുടെ ഭാഗമാക്കി കണ്ടത്. എന്നാൽ ഇന്ന് ആ നിലപാട് മാറിയിരിക്കുകയാണ്,” സാമന്ത പറഞ്ഞു. ഇപ്പോൾ ഏതെങ്കിലും പരസ്യം സ്വീകരിക്കുന്നതിന് മുമ്പ് കൃത്യമായ പരിശോധന നടത്തുകയാണെന്നും കുറഞ്ഞത് മൂന്ന് ഡോക്ടർമാരുടെ അഭിപ്രായമെങ്കിലും ചോദിക്കുമെന്നും താരം വ്യക്തമാക്കി.
തന്റെ ഇരുപതുകളിലെ ആരോഗ്യപരമായ രീതികളെക്കുറിച്ചും സാമന്ത തുറന്നു പറഞ്ഞു. “എന്റെ ഇരുപതുകളിൽ ഞാൻ എന്ത് കഴിച്ചാലും ശരീരത്തിന് ബാധിക്കില്ലെന്ന് കരുതിയിരുന്നു. എന്നാൽ ഇന്ന് അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞു. എന്റെ ശരീരത്തോട് ഞാൻ ചെയ്തതിന്റെ പേരിൽ, പഴയ ഞാൻ ഇന്നത്തെ എന്നോട് മാപ്പ് പറയണം എന്നാണ് എനിക്ക് തോന്നുന്നത്,” എന്നാണ് സാമന്തയുടെ വാക്കുകൾ.
അത് കൊണ്ട് തന്നെ പുതിയ തലമുറ ഇത്തരം കാര്യങ്ങളിൽ സൂക്ഷ്മത പാലിക്കണമെന്നും ആരോഗ്യത്തെ മുൻനിർത്തിയുള്ള തീരുമാനങ്ങളാണ് ഏറെ കാലം നിലനിൽക്കുന്നുവെന്നതും താരം വ്യക്തമാക്കി.