മൂത്തോന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അന്താരാഷ്ട്ര അംഗീകാരം നേടിയ മലയാളി താരം റോഷന്‍ മാത്യു ഇനി നെറ്റ്ഫ്‌ളിക്‌സിലേക്ക്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘ചോക്ഡ്’ എന്ന ചിത്രത്തിലൂടെയാണ് താരം ഇനി ഓണ്‍ലൈന്‍ വെബ് പരമ്പരകളുടെ നിര്‍മ്മാണക്കമ്പനിയായ നെറ്റ്ഫ്‌ളിക്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഭാഗമാകുന്നത്. ‘മിര്‍സ്യ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സയാമി ഖേര്‍ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. തന്റെ അടുക്കളയില്‍ നിന്നും അവിചാരിതമായി ഒരു വലിയ സംഖ്യയുടെ പണം കണ്ടെത്തുന്ന ഒരു ബാങ്ക് കാഷ്യറുടെ കഥയാണ് ചിത്രം പറയുന്നത്.
ചോക്ഡിനൊപ്പം ഇന്ത്യയിലെ തന്നെ മറ്റു സംവിധായകരുടെ ചിത്രങ്ങളും നെറ്റ്ഫ്‌ളിക്‌സ് ഇന്നലെ പുറത്ത് വിട്ടിരുന്നു. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹാര്‍ നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങളടങ്ങുന്ന ഒരു ആന്തോളജി, ദിബാക്കര്‍ ബാനര്‍ജിയുടെ ‘ഫ്രീഡം’, വിക്രമാദിത്യ മോത്വാനിയുടെ ‘എകെ വെര്‍സസ് എകെ’ എന്നിവയാണ് നെറ്റ്ഫ്‌ളിക്‌സ് ഈ വര്‍ഷം നിര്‍മ്മിക്കുന്ന മറ്റ് വന്‍കിട ചിത്രങ്ങള്‍. ‘എകെ വെര്‍സസ് എകെ’ എന്ന ചിത്രത്തില്‍ അനുരാഗ് കശ്യപും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ റോഷന്‍, സോണി സംപ്രേഷണം ചെയ്തിരുന്ന ടാന്‍ലൈന്‍സ് എന്ന മിനി വെബ്‌സീരീസിലൂടെയാണ് ആദ്യമായി സ്‌ക്രീനിലെത്തുന്നത്. പിന്നീട് ആനന്ദം, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്.