റോഷന് ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ മഞ്ജു വാര്യര്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രതി പൂവന് കോഴി’.’ഹൗ ഓള്‍ഡ് ആര് യു’ എന്ന ചിത്രത്തിന് ശേഷം റോഷന് ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന് റോഷന് ആന്‍ഡ്രൂസ്.ഉണ്ണി ആറിന്റെ പ്രശസ്തമായ ‘പ്രതി പൂവന്‍കോഴി’ എന്ന നോവലല്ല ഈ സിനിമ എന്നാണ് സംവിധായകന് ഫേസ്ബുക്കില്‍ കുറിച്ചത്. ഉണ്ണി ആറിന്റെ നോവലും ആ പേരും തനിക്ക് ഇഷ്ടമായത് കൊണ്ട് അദ്ദേഹത്തോട് ചോദിച്ചാണ് താന്‍ ഈ പേര് ചിത്രത്തിന് ഇട്ടത്. അതുകൊണ്ട് തന്നെ നോവലുമായി ചിത്രത്തിന് ബന്ധമില്ലെന്നും മറ്റൊരു കഥയാണ് ചിത്രത്തിന്റേതും എന്നും റോഷന് ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
റോഷന് ആന്‍ഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
പ്രതി പൂവന്‍കോഴി എന്ന നോവലല്ല ഈ സിനിമ: റോഷന് ആന്‍ഡ്രൂസ്
വളരെ യാദൃശ്ചികമായാണ് ഞാന്‍ പ്രതി പൂവന്‍കോഴി എന്ന സിനിമയുടെ കഥ കേള്‍ക്കുന്നത്. ഞാനും ഉണ്ണി ആറും ഒന്നിക്കുന്ന ഡീഗോ ഗാര്‍സ്യ എന്ന സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ക്കിടയിലാണ് ഉണ്ണി ആര് എന്നോട് ഒരു കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ത്തന്നെ ഞാന്‍ ഇത് ചെയ്യുന്നു എന്ന് തീരുമാനിച്ചു. പക്ഷേ മറ്റ് ചില കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് ഒന്നും പറയാതെ ഞങ്ങള്‍ പിരിഞ്ഞു.ഈ കഥ ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു. അവള് കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് പറഞ്ഞു,നിങ്ങള്‍ ഉടന്‍ ഈ പടം ചെയ്യണം. ഞാന്‍ ചോദിച്ചു ,അതെന്താ? ഈ കഥ ഞങ്ങളുടേതായതു കൊണ്ട്.അപ്പോള്‍ത്തന്നെ പുള്ളിക്കാരനെ വിളിച്ച് ഞാന്‍ പറഞ്ഞു ,നമുക്കിത് ഉടന്‍ ചെയ്യാമെന്ന്.
പടത്തിന് എന്ത് പേരിടണമെന്ന് ഒരു തീരുമാനം അപ്പോഴും ഉണ്ടായില്ല. ഉണ്ണി ആറിന്റെ പ്രതി പൂവന്‍കോഴി എന്ന ടൈറ്റിലും നോവലും എനിക്കിഷ്ടമാണ്. ഞാന്‍ ചോദിച്ചു ,ഈ ടൈറ്റില്‍ എടുക്കട്ടെ എന്ന്? പുള്ളിക്കാരന് കുറച്ച് നേരം ആലോചിച്ച്,താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു ,നിര്‍ബന്ധമാണോ? നിര്‍ബ്ബന്ധമാണ് ഞാന്‍ പറഞ്ഞു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും പോലെ ആകില്ലേ? ഞാന്‍ അവരോട് സിനിമ ഇറങ്ങും മുന്‍പ് സത്യം പറഞ്ഞോളാം പോരേ? പുള്ളി തലയാട്ടി. അതുകൊണ്ട് ആ നോവലല്ല ഈ സിനിമ ഇത് മറ്റൊരു കഥയാണ്.