
കാന്താര ചാപ്റ്റർ 1 ന്റെ ട്രെയിലർ പുറത്തു വന്നതിനു പിന്നാലെ ചിത്രവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററിനെ കുറിച്ച് വ്യക്തത വരുത്തി ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. ചിത്രം കാണാണമെങ്കിൽ മൂന്ന് വിശുദ്ധ കാര്യങ്ങൾ പ്രേക്ഷകർ പാലിക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റർ പ്രചരിക്കപ്പെടുന്നത്. അത്തരമൊരു പോസ്റ്റർ കണ്ടപ്പോൾ താൻ ഞെട്ടി പോയെന്നും, താൻ അക്കാര്യം പ്രൊഡക്ഷൻസുമായി ക്രോസ്സ് ചെക്ക് ചെയ്‌തെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. ഇന്നലെ നടന്ന പ്രസ്സ് മീറ്റിലാണ് താരത്തിന്റെ പ്രതികരണം.
“കാന്താര ചാപ്റ്റർ 1 തിയേറ്ററിൽ കാണുന്നത് വരെ പ്രേക്ഷകർ മൂന്ന് വിശുദ്ധ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്, മദ്യപിക്കരുത്, പുക വലിക്കരുത്, മാംസാഹാരം കഴിക്കരുത് എന്നിവയാണ് ആ വിശുദ്ധ കാര്യങ്ങൾ. ഇതിൽ പങ്കെടുക്കുന്നതിനായി ഗൂഗിൾ ഫോം പൂരിപ്പിക്കുക.” എന്നാണ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട പോസ്റ്ററിൽ ഉണ്ടായിരുന്നത്. കാന്താര ടീം പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്റർ എന്ന നിലയിലാണ് ഇത് പ്രചരിക്കപ്പെട്ടത്.
“ഞാൻ ഞെട്ടിപ്പോയി, പുകവലി പാടില്ല, മദ്യപിക്കരുത്, മാംസം കഴിക്കാൻ പാടില്ല എന്ന പോസ്റ്റർ കണ്ടപ്പോൾ. ഞാൻ ഈ വിവരം പ്രൊഡക്ഷൻസുമായി ക്രോസ് ചെക്ക് ചെയ്തു. പ്രശസ്തി നേടാനായി ആരോ വ്യാജമായി നിർമ്മിച്ച പോസ്റ്റർ ആണത് . അതിന് പ്രതികരിക്കേണ്ടതില്ലെന്നും ഞങ്ങൾ കരുതുന്നു.” ഋഷഭ് ഷെട്ടി പറഞ്ഞു.
ഇന്നലെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. തെന്നിന്ത്യൻ താരസുന്ദരി രുക്മണി വസന്തമാണ് ചിത്രത്തിലെ നായിക.
മലയാളത്തിന്റെ ജയറാമും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്നാഥ് ആണ്. ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും കാന്താര ചാപ്റ്റർ 1 -ൽ പറയുക എന്ന് നേരത്തെയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഹിന്ദിയിൽ ചിത്രത്തിന്റെ ട്രെയിലർ ഹൃതിക് റോഷനും, തെലുങ്കിൽ പ്രഭാസും, തമിഴിൽ യൂത്ത് ഐക്കൺ ശിവകാർത്തികേയനും, കന്നഡ ഭാഷയിൽ അവിടുത്തെ തന്നെ എല്ലാ പ്രമുഖ താരങ്ങളുമാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 2ന് ആണ് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആരാധകർക്ക് മുന്നിൽ എത്തുക. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.