
കാന്താര ചാപ്റ്റർ 1 ചിത്രീകരണത്തിനിടെ മരണപ്പെട്ട രാകേഷ് പൂജാരിയെ അനുസ്മരിച്ച് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. രാകേഷ് പൂജാരിയുടെ നഷ്ടം വളരെ വലുതാണെന്നും, അദ്ദേഹം തനിക്ക് സഹോദരനെപ്പോലെയായിരുന്നുവെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.
“രാകേഷ് പൂജാരിയുടെ നഷ്ടം വളരെ വലുതാണ്, സിനിമയിൽ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം എനിക്കെന്റെ സഹോദരനെപ്പോലെയായിരുന്നു. റിഹേഴ്സലിന്റെ സമയം മുതൽ അദ്ദേഹം സിനിമയോട് വളരെയധികം കമ്മിറ്റ്മെന്റ് പുലർത്തിയിരുന്നു. ഇത്രയധികം പോസിറ്റീവായി ഇരിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടേയില്ല. നല്ല മനുഷ്യരെ ദൈവം വേഗം വിളിക്കുമെന്ന് കേട്ടിട്ടില്ലേ, അതാണ് സംഭവിച്ചത്”.ഋഷഭ് ഷെട്ടി പറഞ്ഞു.
“അദ്ദേഹത്തിന്റെ വേർപാട് എനിക്ക് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല ഇപ്പോഴും. അദ്ദേഹത്തോടൊപ്പം വേറെ ചില സിനിമകൾ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു. അദ്ദേഹം വളരെ മികച്ച ഒരു കലാകാരനായിരുന്നു, അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളെ വൈകാരികമായി ബാധിച്ചിട്ടുണ്ട്”.- ഋഷഭ് ഷെട്ടി കൂട്ടിച്ചേർത്തു.
കാന്താര ചാപ്റ്റർ 1 ചിത്രീകരണ സമയത്തെ അപകടങ്ങളും മരണങ്ങളുമെല്ലാം സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിരുന്നു. സിനിമയുടെ ഭാഗമായ മലയാളികളും ഷൂട്ടിങ് സമയത്ത് മരിച്ചിരുന്നു. കാന്താരയിലെ തന്റെ ഭാഗം പൂർത്തീകരിച്ച ശേഷം ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33–കാരനായ രാകേഷ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ കോമഡി നമ്പറുകൾ രാകേഷിന്റേതായിരുന്നു.
സിനിമയിൽ പെപ്പെ എന്ന കഥാപാത്രത്തെയാണ് രാകേഷ് അവതരിപ്പിച്ചത്. കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വേഷം കൂടിയായിരുന്നു ഇത്.
രാകേഷിന്റെ ഓര്‍മയ്ക്കായി കാന്താര പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നിൽ വലിയ കട്ടൗട്ടുകൾ അദ്ദേഹത്തിന്റെ ആരാധകർ സ്ഥാപിച്ചിരുന്നു. കൂടാതെ ‘കാന്താര’ ടീം രാകേഷ് പൂജാരിയുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. കർണാടക ഉഡുപ്പി സ്വദേശിയായ രാകേഷ് ‘കാന്താര’യ്ക്കു പുറമെ പയിൽവാൻ, ഇതു എന്ത ലോകവയ്യ എന്നീ കന്നഡ ചിത്രങ്ങളിലും പേട്കമ്മി, അമ്മേർ പൊലീസ് എന്നീ തുളു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ രാകേഷ് കോമഡി കില്ലാഡികളു 3 റിയാലിറ്റി ഷോ ജേതാവ് കൂടിയായിരുന്നു.