‘വരാഹരൂപം’ പകര്‍പ്പവകാശ കേസ്: ഋഷഭ് ഷെട്ടിയുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും…

','

' ); } ?>

‘കാന്താര’ സിനിമയില്‍ പകര്‍പ്പവകാശം ലംഘിച്ചാണ് ‘വരാഹരൂപം’ എന്ന ഗാനം ഉള്‍പ്പെടുത്തിയതെന്ന കേസില്‍ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി, നിര്‍മാതാവ് വിജയ് കിരഗന്ദൂര്‍ എന്നിവരെ പോലീസ് ചോദ്യംചെയ്തു. കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. തിങ്കളാഴ്ചയും ചോദ്യംചെയ്യലിനെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കപ്പ ടി.വി.ക്കുവേണ്ടി തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനം പകര്‍പ്പവകാശം ലംഘിച്ച് ‘കാന്താര’യില്‍ ഉപയോഗിച്ചെന്ന് ‘മാതൃഭൂമി’യാണ് പരാതി നല്‍കിയത്. മാതൃഭൂമിക്കാണ് നവരസത്തിന്റെ പകര്‍പ്പവകാശം. നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെ ‘കാന്താര’യുടെ കേരളത്തിലെ വിതരണക്കാരും പ്രതികളാണ്. ഒമ്പതുപേരാണ് പ്രതികളായുള്ളത്. ഇവരെയും ചോദ്യംചെയ്യലിന് വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

‘വരാഹരൂപം’ പാട്ടിന് ‘നവരസം’ എന്ന പാട്ടുമായി സാമ്യമുണ്ടെന്നാണ് അന്വേഷണസംഘം പ്രഥമദൃഷ്ട്യാ വിലയിരുത്തുന്നത്. ഡി.സി.പി. കെ.ഇ. ബൈജുവിന്റെ നേതൃത്വത്തില്‍ ടൗണ്‍ എസ്.ഐ. സുഭാഷ് ചന്ദ്രന്‍, എ.എസ്.ഐ. മുഹമ്മദ് സഫീര്‍ എന്നിവരാണ് മൊഴിയെടുത്തത്.ഗാനം ഉള്‍പ്പെടുത്തി സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി നടപടി സ്റ്റേചെയ്‌തെങ്കിലും ഋഷഭ് ഷെട്ടി ഉള്‍പ്പെടെയുള്ളവരോട് 12, 13 തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാവാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.