‘ജനനായകൻ’ നിർമാതാക്കൾ കേസുകൾ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്

','

' ); } ?>

സെൻസർ ബോർഡിനെതിരെ വിജയ് ചിത്രം ജനനായകന്റെ നിർമ്മാതാക്കൾ നൽകിയ പരാതികൾ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കേസിൽ പുനഃപരിശോധനയ്ക്ക് പോകുന്നതിനെക്കുറിച്ച് നിർമാതാക്കൾ ആലോചിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. തമിഴിലെ പ്രശസ്‌ത മാധ്യമമായ നക്കീരൻ ആണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വിജയ് നായകനായി വരുന്ന അവസാനചിത്രം എന്ന നിലയിൽ ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് ‘ജനനായകൻ’. പൊങ്കൽ റിലീസായി ജനുവരി 9-ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഇതുവരെയും റിലീസ് ചെയ്തിട്ടില്ല. സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി രണ്ടുദിവസം മുൻപാണ് റദ്ദാക്കിയത്. സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു. സെൻസർ ബോർഡിന് (CBFC) മറുപടി നൽകാൻ മതിയായ അവസരം നൽകിയശേഷം സിംഗിൾ ബെഞ്ച് പുതിയ തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു. ഹർജിയിൽ ഭേദഗതി വരുത്താൻ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിനും കോടതി അനുമതി നൽകി.

ജനനായകൻ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ജനുവരി 9-ന് ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ സെൻസർ ബോർഡ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും അതേ ദിവസം തന്നെ സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും ചെയ്യുകയുമായിരുന്നു.

സെൻസർ ബോർഡിൻ്റെ ഭാഗം കേൾക്കാതെ കേസിലെ വസ്തുതകളിലേക്ക് സിംഗിൾ ബെഞ്ച് കടക്കാൻ പാടില്ലായിരുന്നുവെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഈ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ ഇനിയും വൈകുമെന്നതിനാൽ ചിത്രത്തിൻ്റെ റിലീസ് വൈകും. ഫെബ്രുവരി 16 ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നുവെങ്കിലും കോടതി നടപടികൾ നിലനിൽക്കെ അതിന് സാധ്യതയില്ല.