കാലത്തിനപ്പുറത്തേക്ക് നടന്ന കലാകാരന്‍…

','

' ); } ?>

ഇന്ത്യന്‍ സിനിമ മേഖലയിലും സാമൂഹിക രാഷ്ട്രീയ പരിഷ്‌കരണത്തിലും അടിത്തറ പാകിയ വ്യക്തികളിലൊരാളാണ് മൃണാള്‍ സെന്‍ എന്ന ബംഗാളി സംവിധായകന്‍. തന്റെ ചിത്രങ്ങളിലൂടെ കാലിക പ്രസക്തിയുള്ള വിഷയങ്ങളോട് പൊരുതുകയും ഒപ്പം ഒരു കലാസൃഷ്ടിക്കുതകുന്ന അതിന്റെ യഥാര്‍ത്ഥ ഭംഗിയും മൂല്യങ്ങളും തന്റെ ചിത്രങ്ങള്‍ക്ക് അദ്ദേഹം നല്‍കുകയും ചെയ്തിരുന്നു. കലയും രാഷ്ട്രീയവും തന്റെ ജീവിത പാഠങ്ങളാക്കിയ അദ്ദേഹത്തെ രാജ്യം പത്മഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു. സത്യജിത്ത് റായ്, ഋത്വിക് ഘട്ടക് എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെ സമാന്തര സിനിമയുടെ പ്രയോക്താക്കളില്‍ ഒരാളായ സെന്നിനെ നിരവധി തവണ ദേശീയ അവാര്‍ഡുകളും നേടിയെത്തി. തന്റെ എല്ലാം സിനിമക്കായ് സമര്‍പ്പിച്ച് ലോകത്തോട് വിട പറഞ്ഞ ഈ അതുല്യ പ്രതിഭയുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം….

Mrinal Sen, Calcutta, 1978

1923 മെയ് പതിനാലിന് ബംഗ്ലാദേശിലെ ഫരിദ്പുരിലാണ് മൃണാള്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി സെന്‍ കൊല്‍ക്കത്തയിലേയ്ക്ക് മാറി. കൊല്‍ക്കത്ത സര്‍വകലാശാലയിലെ പഠനകാലത്ത് കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ അദ്ദേഹം ആക്ൃഷടനാവുകയും നിരവധി പാര്‍ട്ടിപ്പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്തു. ഇക്കാലഘട്ടത്തിലാണ് സെന്‍ തന്റെ സിനിമ ജീവിതത്തിലേക്കുള്ള അഭിരുചി കണ്ടെത്തുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യറ്റര്‍ അസോസിയേഷനില്‍ സജീവമായി.

സിനിമയുടെ സൗന്ദര്യശാസ്ത്രം സംബന്ധിച്ച ഒരു പുസ്തകമാണ് സെന്നിനെ സിനിമയുടെ ലോകത്തിലേക്കെത്തിക്കുന്നത്. ഇടക്കാലത്ത് ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്യേണ്ടി വന്നെങ്കിലും സിനിമയിലേക്ക് തന്നെ അദ്ദേഹം വീണ്ടും തിരിച്ചെത്തി. ഒരു സിനിമാ സ്റ്റുഡിയോയിലെ ഓഡിയോ ടെക്നീഷ്യന്‍ എന്ന ജോലിയാണ് അദ്ദേഹത്തിന് ലഭിച്ചത്.

1955ല്‍ ഉത്തം കുമാറിനെ നായകനാക്കി സെന്‍ തന്റെ ആദ്യ ചിത്രം പുറത്തിറക്കി. ‘രാത്ത് ബോരെ’ യെന്നായിരുന്നു ചിത്രത്തിന്റെ പേര്.
ചിത്രത്തിന് വലിയ വിജയം നേടാനായില്ല. എന്നാല്‍ നിശ്ചയ ദാര്‍ഠ്യത്തോടെ മുന്നോട്ട് നീങ്ങിയ സെന്‍ 1959ല്‍ തന്റെ
രണ്ടാമത്തെ ചിത്രമായ ‘നീല ആകാശര്‍ നീചേ’ യുമായി തിരിച്ചെത്തി. 1960 ല്‍ മൃണാള്‍ പുറത്തിറക്കിയ ‘ഭൈഷ്ണെ ശ്രാവണ്‍’ എന്ന അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ സിനിമാലോകം സെന്നിലെ പ്രതിഭയെ തിരിച്ചറിഞ്ഞു.

പിന്നീടങ്ങോട്ട് സെന്നിന്റെ കാലഘട്ടമായിരുന്നു. തന്റെ ‘ദവന്‍ ശോമേ’ പോലുള്ള ചെലവു കുറഞ്ഞ, നിലവാരമുള്ള ചിത്രങ്ങളിലൂടെ സെന്‍ ഇന്ത്യന്‍ സിനിമയില്‍ വിപ്ലവത്തിന് തിരികൊളുത്തി.
തന്റെ സിനിമകളിലൂടെ രാജ്യത്ത് പിന്നീടുണ്ടായ പല രാഷ്ട്രീയ കോളിളക്കങ്ങളെക്കുറിച്ചും മൃണാള്‍ ശബ്ദമുയര്‍ത്തി. ഈ ചിത്രങ്ങള്‍ പിന്നീട് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കും പല പാര്‍ട്ടി വിപ്ലവങ്ങള്‍ക്കും കൈത്താങ്ങായി പ്രവര്‍ത്തിക്കുകയും ചെയ്തു.
കൊല്‍ക്കത്തയിലെ മധ്യവര്‍ഗ സമൂഹത്തിന്റെ ജീവിതങ്ങളും ജീവിത പോരാട്ടങ്ങളുമായിരുന്നു ഇക്കാലത്ത് സെന്നിന്റെ ചിത്രങ്ങളുടെ ഇതിവൃത്തം. ലോകത്ത് മാറ്റത്തിന് കാറ്റിന് നാന്ദിയായ പുതിയ സെന്നിന്റെ ചിത്രങ്ങളില്‍ കടന്നുവന്നു.

‘ഭുവന്‍ഷോം’ വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് മൃണാള്‍ സെന്‍ ലോകസിനിമാരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് കാന്‍, ബെര്‍ലിന്‍, കാര്‍ലോവിവാരി തുടങ്ങിയ മേളകളിലെ പുരസ്‌കാരങ്ങളും സെന്നിനെ തേടിയെത്തി. കാനിലും ബെര്‍ലിനിലും ജൂറി അംഗവുമായിരുന്നു. ഐഎഫ്എഫ്‌ഐയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ സെന്നിന്റെ അകാലേര്‍ സന്ധനെ പ്രദര്‍ശിപ്പിച്ചപ്പോള്‍ പടം തുടങ്ങുംമുമ്പ് സ്റ്റേജിലെത്തിയ മൃണാള്‍ സെന്‍ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് പറഞ്ഞു, ”ദിസ് ഈസ് എ ഹോട്ട് ഫിലിം”. തുടര്‍ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ലാബില്‍നിന്ന് നേരെ ഇവിടെ എത്തിച്ച പ്രിന്റാണ്. അതുകൊണ്ട് അല്‍പ്പം ചൂടുണ്ടാകും.” അകാലേര്‍ സന്ധനെയിലെ ഒരു സീക്വന്‍സില്‍ പഴയകാലത്തെ ഫോട്ടോ കാണിച്ച് വര്‍ഷം നിര്‍ണയിക്കാന്‍ നടത്തുന്ന മത്സരത്തിനൊടുവില്‍ നെഗറ്റീവ് കാണിച്ച് ഏതുകാലം എന്ന് ചോദിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി ”ഇന്നലെ ഇന്ന് നാളെ എന്നാണ്”.

തന്റെ നീണ്ട സിനിമാ ജീവിതത്തില്‍ 27 ഫീച്ചര്‍ ചിത്രങ്ങള്‍, 14 ലഘുചിത്രങ്ങള്‍, 5 ഡോക്യുമെന്ററികള്‍ തുടങ്ങിയവ
തുടങ്ങിയവ സെന്‍ സംവിധാനം ചെയ്തു. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ അവാര്‍ഡുകളും കാന്‍, വെനീസ്, ബര്‍ലിന്‍,
മോസ്‌കോ, കയ്‌റോ, ഷിക്കാഗോ, മോണ്‍ട്രിയല്‍ തുടങ്ങിയ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങളും ലഭിച്ചു.
നിരവധി വിദേശ ചലച്ചിത്രമേളകളില്‍ ജൂറിയായും സെന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ ജീവിത കഥയെ വരികളാക്കി സെന്‍ രചിച്ച ആത്മകഥ കഥയാണ് ‘ഓള്‍വെയ്സ് ബീയിങ് ബോണ്‍’.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം കൊല്‍ക്കത്തയിലെ ഭവാനിപൂരിലെ തന്റെ വസതിയില്‍ വെച്ചായിരുന്നു വിടവാങ്ങിയത്. ഭാഷകള്‍ക്കും ദേശങ്ങള്‍ക്കുമപ്പുറത്തേക്ക് തന്റെ സിനിമകളിലൂടെ സഞ്ചരിച്ച മൃണാള്‍ ഓര്‍മ്മയാവുമ്പോള്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തിന് മറക്കാനാവാത്ത ഈ പ്രതിഭയും അദ്ദേഹത്തിന്റെ നല്ല കുറേ ചിത്രങ്ങളും മാര്‍ഗദര്‍ശിയായി മാറട്ടെ എന്ന പ്രത്യാശയോടെ സെല്ലുലോയ്ഡ് അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കുന്നു.