
നടൻ വിജയിക്ക് പരസ്യ പിന്തുണയുമായി നടൻ രവി മോഹൻ. ‘ജനനായകൻ റിലീസ് വൈകിയതിൽ ഹൃദയം തകരുന്നുവെന്നും, കൂടെയുള്ള ലക്ഷക്കണക്കിന് സഹോദരങ്ങളിൽ ഒരാളായി താനുമുണ്ടെന്ന്’ രവി മോഹൻ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരം പിന്തുണ അറിയിച്ചത്. സിനിമയിൽ നിന്നും വിജയയ്ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യ നടൻ കൂടിയാണ് രവി.
“ഹൃദയം തകർന്നു വിജയ് അണ്ണാ.. ഒരു സഹോദരൻ എന്ന നിലയിൽ, അങ്ങയുടെ കൂടെയുള്ള ലക്ഷക്കണക്കിന് സഹോദരങ്ങളിൽ ഒരാളായി ഞാനും ഒപ്പമുണ്ട്. അങ്ങേയ്ക്ക് ഒരു തീയതിയുടെ ആവശ്യമില്ല.. അങ്ങ് തന്നെയാണ് തുടക്കം. ആ തീയതി എന്നാണോ, അന്ന് മുതലാണ് പൊങ്കൽ തുടങ്ങുന്നത്.” രവി മോഹൻ കുറിച്ചു.
‘ജനനായകന്റെ’ റിലീസ് മാറ്റിവെച്ചതായി കെവിഎൻ പ്രൊഡക്ഷൻസാണ് ഔദ്യോഗികമായി അറിയിച്ചത്. ചിത്രത്തിന് സെൻസർബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് തീരുമാനം. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.സെൻസർബോർഡിൻ്റെ നടപടിക്കെതിരേ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമാപിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ നടപടി.
അതേസമയം റിലീസിനു രണ്ട് നാൾ ബാക്കി നിൽക്കേ ശിവകാർത്തികേയൻ-രവി മോഹൻ ചിത്രം ‘പരാശക്തി’ക്കും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ്റെ (CBFC) ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്തതു കാരണം പല തിയറ്ററുകളിലും ഓൺലൈൻ ബുക്കിങ് പോലും തുടങ്ങാൻ സാധിച്ചിട്ടില്ല.