ബലാത്സംഗ കേസ്; വേടന് മുൻ‌കൂർ ജാമ്യം

','

' ); } ?>

ബലാത്സംഗ കേസിൽ ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടന് മുന്‍കൂര്‍ ജാമ്യം നൽകി ഹൈക്കോടതി. കര്‍ശന ഉപാധികളോടെ സ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാൻ വേടന് നിർദ്ദേശമുണ്ട്.

വേടനെതിരെയുള്ള ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നീതി നിഷേധമാകുമെന്നും ഹൈക്കോടതി ചൂണ്ടികാണിച്ചു. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് കോടതി തിങ്കളാഴ്ച അറിയിച്ചിരുന്നു. സുപ്രിംകോടതി വിധിയെ പരാതിക്കാരിയുടെ അഭിഭാഷക വ്യക്തമായി മനസിലാക്കിയിട്ടില്ലെന്നാണ് ഹൈക്കോടതി ഉയര്‍ത്തിയ മറ്റൊരു വിമര്‍ശനം.

എറണാകുളം തൃക്കാക്കര പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2021-2023 കാലയളവില്‍ വിവിധ ഫ്‌ളാറ്റുകളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് വേടനെതിരായ പരാതി. എന്നാല്‍ വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കും മാനേജര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നുമാണ് വേടന്റെ മറുവാദം.

ഡോക്ടറായ യുവതിയായിരുന്നു ആദ്യത്തെ പരാതിക്കാരി. കോഴിക്കോട്, എറണാകുളം എന്നീ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം ഉണ്ടായതിനെത്തുടർന്ന് വിവിധ താമസസ്ഥലങ്ങളില്‍ 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ പീഡനമുണ്ടായെന്നാണ് പരാതി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും, സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതിയില്‍ പറയുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തും. യുവതിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ലൈംഗിക ചൂഷണം നടത്തിയെന്ന യുവ വനിതാ ഡോക്‌ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസാണ് വേടനെതിരെ കേസെടുത്തത്. കോട്ടയം സ്വദേശിയായ പരാതിക്കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ 2019ൽ പി.ജിക്ക് പഠിക്കുമ്പോഴാണ് സമൂഹ മാധ്യമത്തിലൂടെ വേടനെ പരിചയപ്പെട്ടത്. ഫോൺ വഴി സൗഹൃദത്തിലായതോടെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് വേടൻ അറിയിച്ചു. 2021 ആഗസ്റ്റിൽ യുവതി താമസിച്ചിരുന്ന ഫ്ലാറ്റിലെത്തിയ വേടൻ സംസാരിക്കുന്നതിനിടെ ചുംബിച്ചു. തുടർന്ന് മാനഭംഗപ്പെടുത്തി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം ആവർത്തിച്ച വേടൻ മൂന്നു ദിവസം താമസിച്ച ശേഷമാണ് മടങ്ങിയത്. പിന്നീടും ഫ്ലാറ്റിലെത്തി ദിവസങ്ങൾ താമസിക്കുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. വിവിധ ആവശ്യങ്ങൾക്ക് 31,000 രൂപ അക്കൗണ്ട് വഴി വാങ്ങി. പല വട്ടം ട്രെയിൻ ടിക്കറ്റ് എടുത്തു നൽകാൻ 8,356 രൂപയും ചെലവഴിച്ചു.

വിവാഹം കഴിക്കില്ലെന്നറിഞ്ഞതോടെ താൻ വിഷാദരോഗിയായി ചികിത്സ തേടേണ്ടി വന്നു. മറ്റൊരു സ്ത്രീയെയും ദുരുപയോഗിച്ചെന്ന റിപ്പോർട്ട് കാണുകയും, വേടൻ തൻ്റെ ആദ്യ പ്രണയത്തെപ്പറ്റി പറയുകയും ചെയ്‌തതോടെയാണ് പരാതിപ്പെടാൻ തീരുമാനിച്ചതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. പണമിടപാടുകളുടെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്നതുമായ മാനഭംഗ കുറ്റമാണ് പൊലീസ് വേടനെതിരെ ചുമത്തിയിരുന്നത്.