
ജാൻവി കപൂർ ചിത്രം ”പരം സുന്ദരി” കേരളത്തെ മോശമായാണ് ചിത്രീകരിച്ചതെന്ന് കുറിപ്പ് പങ്കുവെച്ച് സംവിധായകന് രഞ്ജിത് ശങ്കര്‍. തന്റെ സോഷ്യൽ മീഡിയ പേജായ ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘മൊബൈല്‍ ഡാറ്റയും ഇന്റര്‍നെറ്റുമില്ലാത്ത പരിണാമം സംഭവിക്കാത്ത ഒരു സ്ഥലത്തെ കാണിക്കുന്ന മറ്റേതൊരു സിനിമയേയും പോലെ പരം സുന്ദരിയും കേരളത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നു. പക്ഷേ യഥാര്‍ഥത്തില്‍ കേരളം ഒരുപാട് മുന്നോട്ടുപോയിക്കഴിഞ്ഞു. അതിന് അനുസരിച്ച് സിനിമയും മാറേണ്ട സമയം അതിക്രമിച്ചു.’-രഞ്ജിത് ശങ്കർ കുറിച്ചു.
സിദ്ധാർഥ് മൽഹോത്രയും,ജാൻവി കപൂറും പ്രധാനവേഷങ്ങളിലെത്തി തുഷാർ ജലോട്ട സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് “പരം സുന്ദരി”. ചിത്രത്തിലെ മലയാളം ഡയലോഗുകളും ജാന്‍വിയുടെ കഥാപാത്രവും ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യൻ യുവാവായും ജാൻവി മലയാളി പെൺകുട്ടി ആയുമാണ് വേഷമിട്ടത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്.
കേരളത്തിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിദ്ധാർഥിൻ്റെയും ജാൻവിയുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമ്മിച്ചത്. മലയാളി താരം രഞ്ജി പണിക്കറും ചിത്രത്തിൽ വേഷമിട്ടിരുന്നു. അതേസമയം, ചിത്രത്തിൽ അഭിനയിച്ച നടൻ രൺജി പണിക്കർ വിമർശനങ്ങളെ നേരത്തെ പ്രതിരോധിച്ചിരുന്നു. മലയാളികളെ അപമാനിക്കാനോ അത്തരത്തിലൊരു സീരിയസ് ലോജിക്കോ സിനിമയിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.