
അടുത്ത 20 വര്‍ഷത്തില്‍ കേവലം അഞ്ചു സിനിമകള്‍ മാത്രമേ ചെയ്യുകയുള്ളൂ എന്ന് തുറന്നു പറഞ്ഞ് സംവിധായകൻ രഞ്ജിത്ത് ശങ്കര്‍. കൂടാതെ അഞ്ചില്‍ ആദ്യത്തേത് തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഇനി അഞ്ചു സിനിമയെ ചെയ്യാന്‍ ഉദ്ദേശിക്കുന്നുള്ളൂ. അവസാന അഞ്ചില്‍ ഉള്‍പ്പെടാന്‍ യോഗ്യത ഉള്ളതാവണം എന്നത് മാത്രമായിരിക്കും ഓരോന്നിന്റെയും മാനദണ്ഡം. അടുത്ത 20 വര്‍ഷത്തില്‍ അഞ്ചു സിനിമകള്‍ മാത്രം, അതും കാലം അനുവദിക്കുമെങ്കില്‍’, രഞ്ജിത്ത് ശങ്കര്‍ കുറിച്ചു.
‘എന്തുകൊണ്ട് അഞ്ച് സിനിമകള്‍ ?. ഇറങ്ങിപ്പോക്ക് നിര്‍ബന്ധമാണ്, അതിനായി യുക്തിസഹമായി ആസൂത്രണം ചെയ്യണം. ചെയ്ത സിനിമകള്‍ പോലെ ഈ അഞ്ചിലും നല്ലതും മോശവും തീര്‍ച്ചയായും കാണും. എന്നാല്‍, മുമ്പത്തേതുപോലെ ഞാന്‍ അതിനെന്റെ പരമാവധി നല്‍കും. അഞ്ചില്‍ ആദ്യത്തേത് ഏതെന്നത് തീരുമാനമായിട്ടുണ്ട്. തിരക്കഥയുടെ അവസാന മിനുക്കുപണികള്‍ നടക്കുന്നു. ശരിയായ സമയത്ത് പ്രഖ്യാപനം നടത്തും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പാസഞ്ചര്‍’ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ രഞ്ജിത്ത് പിന്നീട് പൃഥ്വിരാജ് നായകനായ അര്‍ജുനന്‍ സാക്ഷി, ജയസൂര്യയുടെ പുണ്യാളന്‍ അഗര്‍ബത്തീസ്, മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളില്‍ ഒന്നായ വര്‍ഷം, ജയസൂര്യയുടെ തന്നെ സു സു സുധി വാത്മീകം, പ്രേതം, ഞാന്‍ മേരിക്കുട്ടി, പ്രേതം 2, കുഞ്ചാക്കോ ബോബന്റെ രാമന്റെ ഏദന്‍തോട്ടം എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദന്‍ നായകനായ ജയ് ഗണേഷ് ആണ് രഞ്ജിത്ത് ശങ്കറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.