രണ്ടാമൂഴത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എംടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി നായര്‍. തിരക്കഥ തിരികെ ലഭിച്ചതിന് ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെ കുറിച്ച് എംടി വാസുദേവന്‍ നായര്‍ നേരിട്ട് അറിയിക്കുമെന്ന് അശ്വതി നായര്‍ വ്യക്തമാക്കി. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അവര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘പത്ര മാധ്യമങ്ങളിലും ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമര്‍ശങ്ങളും ചര്‍ച്ചകളും നടക്കുന്നതിനെ തുടര്‍ന്ന് ഫോണിലൂടെയും നേരിട്ടും നിരവധി പേര്‍ ഞങ്ങളുടെ അഭിപ്രായം ആരായുന്നുണ്ട്. എന്നാല്‍ ബഹുമാനപ്പെട്ട കോടതിയില്‍ കേസ് നില നില്‍ക്കുന്ന ഒരു വിഷയത്തില്‍ ഞങ്ങള്‍ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ല.
രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛന്‍ ശ്രീ. എം.ടി വാസുദേവന്‍ നായര്‍ക്ക് തിരികെ ലഭിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛന്‍ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും. . അതു വരെ ക്ഷമയോടെ കാത്തിരിക്കുക. .നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിന് നന്ദി’.