
സിനിമാലോകത്തെ പ്രമുഖർ അണിനിരന്ന 2026ലെ ചേതക് സ്ക്രീൻ അവാർഡ് വേദിയിൽ നടൻ രാജ്‌പാൽ യാദവിനെതിരെയുള്ള സൗരഭ് ദ്വിവേദിയുടെ പരാമർശം ചർച്ചയാകുന്നു. ആലിയ ഭട്ട്, കരൺ ജോഹർ, വിക്കി കൗശൽ തുടങ്ങി ബോളിവുഡിലെ വൻനിര പങ്കെടുത്ത ചടങ്ങിലാണ് രാജ്‌പാൽ യാദവ് ഉൾപ്പെട്ട ചെക്ക് കേസിനെ പരാമർശിച്ച് അവതാരകരിലൊരാളായ സൗരഭ് ദ്വിവേദി തമാശ രൂപേണ സംസാരിച്ചത്.
ആഗോള എണ്ണ പ്രതിസന്ധിയെയും രൂപയുടെ മൂല്യത്തകർച്ചയെയും കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. ലോകത്തെ യുദ്ധസാഹചര്യങ്ങളും ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും തനിക്ക് മനസ്സിലാകുന്നില്ലെന്ന് സദസ്സിലിരുന്ന രാജ്‌പാൽ യാദവ് അഭിപ്രായപ്പെട്ടു. ഇതിന് മറുപടിയായാണ് “ഡോളറിന്റെ മൂല്യം എത്ര മാറിയാലും വാങ്ങിയ കടം എത്രയാണോ അത്രയും തന്നെ തിരിച്ചടയ്ക്കേണ്ടി വരും” എന്ന് സൗരഭ് ദ്വിവേദി പരിഹസിച്ചത്.
സൗരഭ് ദ്വിവേദിയുടെ ഈ വാക്കുകൾ സദസ്സിൽ വലിയ ചിരി പടർത്തി. ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചിരിയോടെയാണ് ഇതിനോട് പ്രതികരിച്ചത്.
രാജ്‌പാൽ യാദവ് തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും, കേസ് കോടതിയുടെ പരിഗണനയിലായതിനാൽ വിഷയം അവിടെ അവസാനിപ്പിക്കാമെന്ന് മറ്റൊരു അവതാരകനായ സാക്കിർ ഖാൻ ഇടപെട്ട് പറഞ്ഞു. എങ്കിലും രാജ്‌പാൽ യാദവിന്റെ മടങ്ങിവരവിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മികച്ച നടനാണെന്നും സൗരഭ് പിന്നീട് കൂട്ടിച്ചേർത്തു.
2010ൽ ‘അട്ടാ പട്ടാ ലാപ്പതാ’ എന്ന സിനിമയുടെ നിർമ്മാണത്തിനായി വാങ്ങിയ വായ്പയുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് രാജ്‌പാൽ യാദവ് നിയമനടപടി നേരിട്ടത്. പലിശയടക്കം ഒൻപത് കോടിയോളം രൂപ തിരിച്ചടയ്ക്കാനുള്ള കേസിൽ അടുത്തിടെയാണ് അദ്ദേഹം ജാമ്യത്തിലിറങ്ങിയത്. ഇതിനെ പരസ്യവേദിയിൽ പരിഹസിച്ചത് നിലവിൽ സിനിമാ വൃത്തങ്ങളിൽ സംസാരവിഷയമായിട്ടുണ്ട്.