
‘മസ്തിഷ്ക മരണം’ സിനിമ കാരണം ഒരുപാട് നാള് ബഹിരാകാശത്ത് പോകാനും അവിടെ കുറച്ചു നാൾ പറക്കാനും ഉള്ള അവസരം തനിക്ക് ലഭിച്ചുവെന്ന് നടി രജീഷ വിജയൻ. ആളുകൾ ട്രോളിയപ്പോൾ സിനിമ അതിനുള്ള ഉത്തരം നൽകുമെന്ന് തനിക്കറിയാമായിരുന്നുവെന്നും, അതങ്ങനെ സംഭവിച്ചുവെന്ന് താൻ വിശ്വസിക്കുന്നുവെന്നും രജീഷ പറഞ്ഞു. ‘മസ്തിഷ്ക മരണ’ ത്തിന്റെ പ്രിവ്യു പ്രദർശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
“ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം സിനിമ കണ്ടപ്പോൾ കിട്ടിയെന്നു വിശ്വസിക്കുന്നു. ഒരുപാട് നാൾ ബഹിരാകാശത്ത് പോകാനും അവിടെ കുറച്ചുനാൾ പറക്കാനുമുള്ള അവസരം ലഭിച്ചിരുന്നു. അപ്പോഴൊക്കെ ആളുകൾ ചോദിച്ചു, എന്തിനാണ് എന്തിനാണ് എന്നുള്ളത്. പക്ഷേ എനിക്കറിയാമായിരുന്നു, ഈ സിനിമ അതിനുള്ള ഉത്തരം നൽകുമെന്ന്. അതങ്ങനെ സംഭവിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. കൃഷാന്ദിന് നല്ല ബുദ്ധിയാണ്, അദ്ദേഹം കഴിക്കുന്നതൊക്കെ എന്താണെന്ന് ആളുകൾ ചോദിക്കാറുണ്ട്. മൾടി ടാലൻ്റഡ് വ്യക്‌തിയാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ഞങ്ങൾ മാത്രമറിയാവുന്ന ഒരുപാട് രഹസ്യങ്ങൾ പ്രൊഡക്‌ഷൻ ടൈമിൽ നടന്നിരുന്നു. കൃഷാന്ദിൻ്റെ ആദ്യ കമേഴ്സ്യൽ സിനിമ കൂടിയാണിത്. ഇത് തിയറ്ററുകളിൽ ഹിറ്റ് ആകും എന്നു പ്രതീക്ഷിക്കുന്നു. ഇനിയും അദ്ദേഹത്തിൽ നിന്നും ഒരുപാട് കമേഴ്സ്യൽ സിനിമകൾ ഉണ്ടാകും.” രജീഷ പറഞ്ഞു.
“നിരഞ്ജിന്റെ കൂടെ (നിരഞ്ജ് മണിയൻപിള്ള രാജു) എൻ്റെ മൂന്നാമത്തെ സിനിമയാണ്. അയ്യായിരം തവണ ഞാൻ പറഞ്ഞിട്ടുണ്ട് നിരഞ്ജ് വളരെ പ്രതിഭയുള്ള നടനാണ്. നെപ്പോട്ടിസം ഡൺ റൈറ്റ് ആണ്. ഫൈനൽസ് സിനിമ വന്ന സമയത്ത് ഞാൻ പറഞ്ഞിരുന്നു, ഇത് നിനക്ക് ബ്രേക്ക് ആകും. പക്ഷേ എന്തൊക്കെയോ കാരണത്താൽ ആ സിനിമ ഞങ്ങൾക്കൊരു ബ്രേക്ക് ആയില്ല. ‘മധുരമനോഹരമോഹം’ വന്നപ്പോൾ സിനിമ സൂപ്പർഹിറ്റായി, നിരഞ്ജിന് ചെറിയ സീൻസ് മാത്രമുണ്ടായിരുന്നതുകൊണ്ട് അതും ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ ഈ സിനിമയാകും നിരഞ്ജിൻറെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആകാൻ പോകുന്നത്. നാളെ സംവിധായകർ വിളിക്കുമ്പോൾ ഫോൺ എടുക്കാതിരിക്കുന്ന സൂപ്പർസ്‌റ്റാർ ഇവനാകും, ഇവൻ എടുക്കാതെയൊന്നുമിരിക്കില്ല, അത്ര സ്വീറ്റ് വ്യക്‌തിയാണ് നിരഞ്ജ്. കൂടാതെ ഇതിൽ അഭിനയിച്ചിരിക്കുന്ന എല്ലാ അഭിനേതാക്കളും അതി ഗംഭീരമായി പ്രവർത്തിച്ചിരിക്കുന്നു. ഛായാഹാകനായ പ്രയാഗിൻ്റെ കാര്യവും എടുത്തു പറയണം. കോസ്‌റ്റ്യും ചെയ്‌ത ദിവ്യ, അടുത്ത സംസ്ഥാന പുരസ്കാരം കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നു.” രജീഷ് കൂട്ടിച്ചേർത്തു.
സിനിയിൽ രജിഷ വിജയൻ അഭിനയിച്ച ‘കോമള താമര’ എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ നിരവധി ട്രോളുകൾക്ക് നടി ഇരയാകേണ്ടി വന്നിരുന്നു. ഐറ്റം ഡാൻസിനു സമാനമായ ഈ ഗാനത്തിൽ രജീഷ എത്തിയത്. ഇതിന് പിന്നാലെ വലിയ ട്രോളുകളും സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. താൻ ഒരിക്കലും ഐറ്റം ഡാൻസ് ചെയ്യില്ല എന്ന നടിയുടെ പഴയ അഭിമുഖം കുത്തിപൊക്കിയാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞാടിയത്.