“ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിലൊരാളാണ് പൃഥ്വിരാജ്”; രാജമൗലി

','

' ); } ?>

താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിലൊരാളാണ് പൃഥ്വിരാജെന്ന് അഭിനന്ദിച്ച് സംവിധായകൻ രാജമൗലി. രാജമൗലിയുടെ പുതിയ ചിത്രം എസ്എസ്എംബി 29 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് രാജമൗലിയുടെ അഭിനന്ദനം.

‘‘പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ഷോട്ട് പൂർത്തിയാക്കിയ ശേഷം, ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു, ‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താങ്കൾ. ഈ ദുഷ്ടനും, ക്രൂരനും, ശക്തനുമായ പ്രതിനായകൻ കുംഭയ്ക്ക് നിങ്ങൾ ജീവൻ നൽകുന്നത് വളരെ സംതൃപ്തി നൽകുന്ന അനുഭവമായിരുന്നു.” രാജമൗലി പറഞ്ഞു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് കൊണ്ട് രാജ മൗലി എക്‌സിൽ കുറിച്ച കുറിപ്പും വൈറലായിരുന്നു. ”ആ കസേരയിലേക്ക് അക്ഷരാർഥത്തിൽ ഇറങ്ങിയിരുന്നതിന് പൃഥ്വിരാജിന് നന്ദി.’’-എന്നായിരുന്നു അദ്ദേഹത്തിൻറെ കുറിപ്പ്. പിന്നാലെ താനിതുവരെ ചെയ്തതിൽ വച്ച് ഏറ്റവും സങ്കീർണമായ കഥാപാത്രമായിരുന്നു ഇതെന്ന് പോസ്റ്റർ പങ്കുവെച്ച് പൃഥ്വിയും കുറിച്ചു.

ചിത്രത്തിൽ മഹേഷ് ബാബുവാണ് നായകൻ. മഹേഷ് ബാബുവിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. കുംഭ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജെത്തുന്നത്. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ നായികയായെത്തുക. എം എം കീരവാണിയാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. മഹേഷ് ബാബുവിന്റെ കരിയറിലെ 29-ാമത്തെ ചിത്രം കൂടിയാണ്.

അതേസമയം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരെ വിമർശനമുയരുന്നുണ്ട്. ഒരു ഹൈടെക് വീൽചെയറിൽ ഇരിക്കുന്ന പൃഥ്വിരാജിനെയാണ് പോസ്റ്ററിൽ കാണാനാവുക. ഡോക്ടർ ഒക്ടോപസ് ഇന്ത്യൻ വേർഷൻ, മുഖം വെട്ടി ഒട്ടിച്ച പോലെയുണ്ട്, 24 ലെ സൂര്യയെ പോലെയുണ്ട് എന്നൊക്കെയാണ് പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകൾ. നവംബർ 15 ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വച്ചാണ് ചിത്രത്തിന്റെ ലോഞ്ച് നടക്കുന്നത്. മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്ക ചോപ്ര എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.