“നിസ്സാരവും ബാലിശവുമായ തടസ്സവാദങ്ങൾ ഉന്നയിക്കുന്നത് ശരിയായ നടപടിയല്ല”; ജെ എസ് കെ വിഷയത്തിൽ പ്രതികരിച്ച് സംഘപരിവാർ സംഘടനയായ തപസ്യ

','

' ); } ?>

സുരേഷ് ഗോപി ചിത്രം ജെ എസ് കെയുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന്റെ നിലപാടിനെ വിമർശിച്ച് സംഘപരിവാർ സംഘടനയായ തപസ്യ. സെൻസർ ബോർഡ് നിലപാട് ബാലിശമാണെന്നാണ് തപസ്യ പത്രകുറിപ്പിലൂടെ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഈ നിലപാടിൽ നിന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ചെയർമാന് തപസ്യയുടെ ഭരണസമിതി കത്തും നൽകിയിട്ടുണ്ട്.

നിസ്സാരവും ബാലിശവുമായ തടസ്സവാദങ്ങൾ ഉന്നയിക്കുന്നത് ശരിയായ നടപടിയല്ല. സാഹിത്യമായാലും സിനിമയായാലും അവയുടെ തലക്കെട്ടുകളും കഥാപാത്രങ്ങളുടെ പേരുകളും നിശ്ചയിക്കാൻ രചയിതാക്കൾക്കാണ് അവകാശം. പുരാണ കഥാപാത്രങ്ങളുടെ പേരുകൾ സിനിമയിലെ കഥാപാത്രങ്ങൾക്ക് ഇടരുത് എന്ന് തീരുമാനിക്കാൻ ആവില്ല. ഭാരതത്തിൽ ജാതിമത ഭേദമന്യേ ബഹുഭൂരിപക്ഷം പേരുകളും ഹിന്ദു പുരാണങ്ങളിൽ നിന്നുള്ളവയാണ്. ഇത്തരം പേരുകൾ അടങ്ങിയ തലക്കെട്ടുകളുള്ള നിരവധി സിനിമകൾ രാജ്യത്ത് ഇറങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇത്തരം ഒരു വിലക്ക് ഏർപ്പെടുത്താനുള്ള സാഹചര്യം എന്താണെന്ന് സിബിഎഫ്സി വ്യക്തമാക്കണം. തപസ്യ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഹൈക്കോടതിയും സെൻസർബോർഡിന്റെ നിലപാടിനെ രൂക്ഷമായി ചോദ്യം ചെയ്തിരുന്നു. സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്താണെന്നും, “ജാനകി” പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കൂടാതെ സെൻസർ ബോർഡിന്റെ തീരുമാനത്തിന്റെ പകർപ്പ് തിങ്കളാഴ്‌ച ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ചിത്രത്തിൻ്റെ പെരെന്നും പതിനാറ് വയസിന് താഴെയുള്ള കുട്ടികൾക്ക് കാണുന്നതിന് വിലക്കുണ്ടെന്നുമായിരുന്നു സെൻസർ ബോർഡിൻ്റെ വാദം. അതേ സമയം ചിത്രത്തിൻ്റെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടിക്കെതിരെ പൂർണ പിന്തുണയുമായി ഫെഫ്‌കയും രംഗത്തെത്തിയിരുന്നു. ഇതേ പേരുള്ള സിനിമയുടെ, കഥാപാത്രത്തിന്റെ പേര് പറയുന്ന ട്രെയ്‌ലറും ടീസറും കേരളത്തിലെ തീയേറ്ററുകളിൽ കഴിഞ്ഞ ഒരു മാസക്കാലമായി പ്രദർശിപ്പിക്കുന്നുണ്ട്. അതിനകത്ത് എന്തെങ്കിലും ഒരു കമ്മ്യൂണൽ ഡിസാർമണി ഉണ്ടായതായിട്ടോ, ഒരു ക്രമ സമാധാന പ്രശ്നമുണ്ടായതായിട്ടോ നമുക്കറിയില്ല. അപ്പം ടീസറിനും ട്രെയിലറിനും ഒരു മാനദണ്ഡം. സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം. എത്രത്തോളം ആർബിറ്ററി ആണ് ഈ സംഗതി എന്ന് നിങ്ങൾ തന്നെ നോക്കൂ, എന്നാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് ചോദിച്ചത്.

റിവൈസിങ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങിയിരിക്കുകയാണ് സംഘടനകൾ. ഇന്ന് തിരുവനന്തപുരത്ത് സിബിഎഫ്സി റീജിയണൽ ഓഫീസിന് മുന്നിലാണ് സമരപരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫെഫ്ക, നിർമാതാക്കളുടെ സംഘടന, അഭിനേതാക്കളുടെ സംഘടനയായ അമ്മ എന്നിവരുടെ പ്രാതിനിധ്യം സമരത്തിലുണ്ടാകുമെന്ന് ഫെഫ്‌ക അറിയിച്ചിട്ടുണ്ടായിരുന്നു.