ആമസോണ്‍ പ്രൈം റിലീസ് ചെയ്ത ആന്തോളജി ചിത്രമാണ് പുത്തം പുതു കാലൈ. സുധ കൊങ്കറ, രാജീവ് മേനോന്‍, ഗൗതം വാസുദേവ് മേനോന്‍,സുഹാസിനി, കാര്‍ത്തിക് സുബ്ബരാജ് എന്നീ അഞ്ച് സംവിധായകര്‍ ഒന്നിച്ച ലോക്ക്ഡൗണ്‍ കാലത്തെ പരീക്ഷണചിത്രം കൂടെയാണ് പുത്തം പുതു കാലൈ. അഞ്ച് വ്യത്യസ്ത സംവിധായകര്‍ ഒരു ചിത്രത്തിനായി ഒന്നിച്ചുവെന്നതിനപ്പുറം സംവിധായകരുടേയോ, എഴുത്തുകാരുടേയോ സര്‍ഗാത്മകമായ കൊടുക്കല്‍ വാങ്ങലുകളൊന്നും പുത്തം പുതു കാലൈയില്‍ കാണാനില്ല. അതേസമയം ഒരു ചിത്രം ഒരു ഇരുപ്പിന് കണ്ടു തീര്‍ക്കുന്ന മനോഭാവം മാറ്റിവെച്ച് അഞ്ച് വ്യത്യസ്ത ചിത്രങ്ങള്‍ കാണാനുള്ള മനസ്സുമായെത്തുന്നവരെ ഈ പരീക്ഷണം മടുപ്പിക്കില്ല. ലോക്ക്ഡൗണ്‍ പശ്ചാതലത്തില്‍ ഒരുക്കിയ അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ഒരു മാലയായി കൊരുത്തുവെന്ന കാഴ്ച്ചപ്പാടോടെ മുന്‍വിധികള്‍ മാറ്റിവെച്ച് ചിത്രത്തെ സമീപിക്കാം.
സുധ കൊങ്കറ സംവിധാനം ചെയ്ത ഇളമൈ ഇതോ ഇതോ എന്ന ചിത്രത്തില്‍ ഉര്‍വശി, ജയറാം, കാളിദാസ് ജയറാം, കല്ല്യാണി പ്രിയദര്‍ശന്‍, എന്നിവരാണ് താരങ്ങളായെത്തിയത്. മനുഷ്യരുടെ പ്രണയാവസ്ഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രണയത്തിനുമപ്പുറം യാഥാര്‍ത്ഥ്യത്തിലെത്തുമ്പോഴുള്ള പൊരുത്തക്കേടുകളെ ചിത്രം വരച്ചുകാണിക്കുന്നു. നമ്മുടെ ചെറിയ പിടിവാശികളുപേക്ഷിക്കുമ്പോള്‍ സ്‌നേഹത്തിന്റെ വിശാലമായ വാതായനം തുറക്കപ്പെടുമെന്ന് ഈ ചിത്രം കാണിച്ചുതരുന്നു.
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് അവളും നാനും. എം.എസ് ഭാസ്‌കറും റിതു വര്‍മ്മയുമാണ് ചിത്രത്തില്‍ കഥാപാത്രമായെത്തുന്നത്. മുത്തശ്ശനും പേരക്കുട്ടിയും തമ്മിലുള്ള രംഗങ്ങളിലൂടെ ഒട്ടേറെ വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലൂടെ കാണിച്ചുതരുന്നുണ്ട്. ഒരു അച്ഛന് മകളെകുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വരച്ചുകാട്ടുന്നതിനൊപ്പം താരങ്ങളെ കൃത്യമായുപയോഗപ്പെടുത്താനും സംവിധായകനു കഴിഞ്ഞു.
സുഹാസിനി സംവിധാനം ചെയ്ത ചിത്രമാണ് കോഫി എനി വണ്‍. വാര്‍ധക്യകാലത്തെ പൊള്ളുന്ന ചില യാഥാര്‍ത്ഥ്യങ്ങളാണ് ചിത്രത്തിലൂടെ സുഹാസിനി അവതരിപ്പിക്കുന്നത്. മരുന്നുകളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും വീര്‍പ്പുമുട്ടിക്കലുകള്‍ക്കിടയിലാണോ ഒരാളുടെ അവസാന നാളുകള്‍ കടന്നുപോകേണ്ടതെന്ന ചോദ്യമാണ് ചിത്രമുയര്‍ത്തുന്നത്. തങ്ങളുടെ പ്രയിപ്പെട്ടവരുടെ സ്‌നേഹപരിചരണങ്ങള്‍ക്കിടയിലൂടെ കടന്നുപോകുമ്പോള്‍ വാര്‍ധക്യവും നിറമുള്ളതാകുമെന്ന് ചിത്രം കാണിച്ചുതരുന്നു.
രാജീവ്‌മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് റീ യൂണിയന്‍. ആന്‍ഡ്രിയ, ലീല സാംസണ്‍, ഗുരുചരണ്‍ എന്നിവരാണ് ചിത്രത്തിലെത്തിയത്. ലോക്ക്ഡൗണ്‍ കാലത്ത് യാദൃശ്ചികമായി വീട്ടിലെത്തുന്ന സുഹൃത്തുമായി ബന്ധപ്പെട്ട കഥയാണ് റീ യൂണിയന്‍ അവതരിപ്പിക്കുന്നത്. സ്‌നേഹം തന്നെയാണ് മനുഷ്യരെ ജീവിതത്തിലേക്കും ഓര്‍മ്മകളിലേക്കും പ്രണയത്തിലേക്കും തിരികെ കൊണ്ടുവരുന്നതെന്ന സന്ദേശമാണ് റീ യൂണിയന്‍ നല്‍കുന്നത്.
പുത്തം പുതു കാലൈയിലെ നാല് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് അഞ്ചാമത്തെ ചിത്രമായ മിറാക്കിള്‍. കാര്‍ത്തിക് സുബ്ബരാജ് ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ രസകരമായാണ് മിറാക്കിള്‍ ഒരുക്കിയിട്ടുള്ളത്. മുത്തുകുമാര്‍, ബോബി സിംഹ എന്നിവര്‍ മികച്ചപ്രകടനമാണ് ചിത്രത്തില്‍ കാഴ്ച്ചവെച്ചത്.
പുത്തം പുതു കാലൈ അവസാനിച്ചപ്പോള്‍ മലയാളത്തിലിറങ്ങിയ കേരള കഫെയാണ് ഓര്‍മ്മ വന്നത്. പത്ത് വ്യത്യസ്ത ചിത്രങ്ങളായിരുന്നു കേരള കഫെയിലുണ്ടായിരുന്നത്. എന്നാല്‍ ഈ പത്ത് ചിത്രങ്ങളെയും ക്രമമായി അടുക്കുന്നതിനൊപ്പം ഇവയെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും ചിത്രത്തില്‍ കാണാമായിരുന്നു. എന്നാല്‍ തുടര്‍ച്ചയില്ലാത്ത പുത്തം പുതു കാലൈയുടെ അവതരണ രീതി പ്രേക്ഷകന്റെ ആസ്വാദനത്തെ ബാധിക്കുമോയെന്ന സംശയമാണ് ബാക്കിയാകുന്നത്, ലോക്ക്ഡൗണ്‍ കാലത്തെ പരീക്ഷണമെന്ന നിലയില്‍ അഞ്ച് വ്യത്യസ്ത ഹ്രസ്വചിത്രങ്ങള്‍ കാണാനുള്ള മനസ്സുമായി പുത്തം പുതു കാലൈ തെരഞ്ഞെടുക്കാം.