“ഇത് കൊണ്ട് പുഷ്പവതിക്ക് പുബ്ലിസിറ്റി കിട്ടി, ഞാനൊരു അധിക്ഷേപവും നടത്തിയിട്ടില്ല”.;അടൂർ ഗോപാലകൃഷ്ണൻ

','

' ); } ?>

തനിക്കെതിരെ പ്രതിഷേധിച്ച പുഷ്പവതിക്കെതിരെ വിമർശനവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അവർ സിനിമയുമായി ബന്ധം ഇല്ലാത്തയാളാണെന്നും താൻ വരത്തൻ അല്ലെന്നും അടൂർ ​ഗോപാലകൃഷ്ണൻ പറഞ്ഞു. തന്റെ സംസാരം തടസ്സപ്പെടുത്താൻ അവർക്കെന്ത് അവകാശമാണെന്നും അടൂർ ഗോപാലകൃഷ്ണൻ ചോദിച്ചു. വിവാദ പരാമർശം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഇത് ചന്തയൊന്നുമല്ല.വഴിയെ പോകുന്നവർക്ക് എന്തും പറയാം എന്നാണോ. മന്ത്രി എന്ത് കൊണ്ട് അവരെ തടഞ്ഞില്ല. ഞാനൊരു അധിക്ഷേപവും നടത്തിയിട്ടില്ല. ജാതിയെ കുറിച്ച് പരാമർശിച്ചിട്ടുമില്ല. മാധ്യമങ്ങൾ തെറ്റായരീതിയിലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓടും മുൻപ് നടക്കാൻ പഠിക്കണം. അക്ഷരം പഠിക്കാതെ കവിത എഴുതാൻ കഴിയുമോ. മന്ത്രിക്ക് അറിയില്ല, ഇത് പരിശീലനം നടത്തി ഉണ്ടാവുന്നത് ആണെന്ന്. അദ്ദേഹം താൻ പറഞ്ഞതിനെ പ്രതിരോധിക്കേണ്ട കാര്യമില്ലായിരുന്നു. ഇത് കൊണ്ട് പുഷ്പവതിക്ക് പുബ്ലിസിറ്റി കിട്ടി അത്രതന്നെ. അവർക്കെങ്ങനെയാണ് കോൺക്ലേവിൽ പങ്കെടുക്കാൻ അവസരം കിട്ടിയത്. അവർ സിനിമയുമായി ബന്ധമുള്ള ആളല്ല. ഞാൻ വരത്തനൊന്നുമല്ല”. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

താൻ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അവര്‍ ഈ മേഖലയിൽ ഉയര്‍ന്നുവരണമെന്ന ആഗ്രഹത്താലാണ് അത്തരത്തിൽ പരാമര്‍ശം നടത്തിയതെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും സ്ത്രീകളായതു കൊണ്ടു മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നായിരുന്നു അടൂരിന്റെ പരാമർശം. കൂടാതെ പലരും ചെയ്ത സിനിമകൾ നിലവാരമില്ലാത്തതെണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ചലച്ചിത്ര വികസന കോർപറേഷൻ വെറുതേ പണം നൽകരുത്. ഒന്നരകോടി രൂപ എന്ന് പറയുന്നത് ചെറിയ സംഖ്യ അല്ല. അത് അഴിമതിക്ക് കാരണമാകും എന്നും അടൂർ കൂട്ടിച്ചേർക്കുകയുണ്ടായി. കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമർശം.

അടൂരിന്റെ പ്രസ്താവനനയ്‌ക്കെതിരെ മന്ത്രി ആർ ബിന്ദുവും, സംവിധായിക ശ്രുതിയുമടക്കം നിരവധിപേരാണ് രംഗത്തു വന്നിട്ടുള്ളത്.’വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം, എന്നായിരുന്നു മന്ത്രി ആര്‍.ബിന്ദുവിന്റെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അപ്പർ ക്ലാസ് പ്രിവിലേജിൽ ജീവിച്ചവർക്ക് താഴെയുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാവുകയില്ലെന്നും, അടൂരിനെപ്പോലൊരാൾ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ്, തങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു.

ഗോപാലകൃഷ്ണനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ദിനു വെയില്‍ പരാതി നൽകിയത്. കൂടാതെ എസ് സി / എസ് ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ് സി / എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു

പൊതു വേദിയില്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയത്. പട്ടികജാതി- പട്ടിക വിഭാഗക്കാര്‍ക്കെതിരെ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന പരാമർശമായിരുന്നത്. പ്രസ്താവനയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് പരാതിയിൽ പറയുന്നത്.