“നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദാക്കണം”; ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി

','

' ); } ?>

നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി ഒന്നാം പ്രതി പൾസർ സുനി. 20 വർഷത്തെ കഠിന തടവാണ് പൾസർ സുനിക്ക് വിചാരണ കോടതി വിധിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട ആറ് പേരിൽ പൾസർ സുനിയാവും ആദ്യം ജയിലിൽ നിന്ന് പുറത്തിറങ്ങുക. പൾസർ സുനി ഏഴര വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞതിനാൽ 20 വർഷം കഠിന തടവിൽ ഇനി 13 വർഷം ജയിലിൽ കഴിഞ്ഞാൽ മതി.

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി പി വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. എട്ടാം പ്രതി ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. എന്നാൽ ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും വിചാരണ കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാരിന്റെ വാദം.

പൾസർ സുനിക്കൊപ്പം മാർട്ടിൻ ആൻ്റണിയും (രണ്ടാം പ്രതി) ഏഴ് വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞു. ഇയാളും 13 വർഷം തടവിൽ കഴിഞ്ഞാൽ മതി. 2039 ഓടെ ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവും. മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠനാണ്. എന്നാൽ മൂന്നര വർഷമായി വിചാരണ തടവിലാണ് ഇയാൾ. അവശേഷിക്കുന്ന 16 വർഷവും ആറ് മാസവും ശിക്ഷ അനുഭവിക്കണം. നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ് 2 വർഷമായി വിചാരണ തടവിൽ കഴിയുകയാണ്. ഇയാൾ 16 വർഷവും ആറ് മാസവും കൂടി ശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, 2 വർഷം വിചാരണ തടവ് അനുഭവിച്ചത്. 20 വർഷത്തെ ശിക്ഷയിൽ അവശേഷിക്കുന്ന 18 വർഷം തടവിൽ കഴിയണം. ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപും 2 വർഷമായി വിചാരണ തടവുകാരനാണ്. 18 വർഷം ശിക്ഷാ കാലാവധിയാണ് പ്രതിക്ക് ബാക്കിയുള്ളത്.

2017 ഫെബ്രുവരി 17-നാണ് കേസിനാസ്‌പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.