“ഇളയരാജ സംഗീതം നൽകിയ ഗാനങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ കണക്ക് ഹാജരാക്കണം”; സോണി മ്യൂസിക് എന്റർടെയ്ൻമെന്റിനോട് മദ്രാസ് ഹൈക്കോടതി

','

' ); } ?>

ഇളയരാജ സംഗീതം നൽകിയ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിലൂടെ ദിവസേന ലഭിക്കുന്ന വരുമാനത്തിന്റെ കണക്ക് മദ്രാസ് ഹൈക്കോടതിയിൽ ഹാജരാക്കണമെന്ന് ജസ്റ്റിസ് എൻ. സെന്തിൽകുമാർ സോണി മ്യൂസിക് എന്റർടെയ്ൻമെന്റിനോട് നിർദേശിച്ചു. ഒക്ടോബർ 22 വരെ ദിവസേന ലഭിക്കുന്ന വരുമാനത്തിന്റെ വിശദാംശങ്ങൾ കോടതി പരിശോധിച്ചശേഷമേ തുടർ നടപടികൾ സ്വീകരിക്കാനാകൂ.

തന്റെ പാട്ടുകൾ അനധികൃതമായി പ്രക്ഷേപണം ചെയ്യുന്നതിൽനിന്ന് സോണിയെ വിലക്കണമെന്നാവശ്യപ്പെട്ട് ഇളയരാജ നൽകിയ ഹർജിയുടെ വാദത്തിനിടെയാണ് കോടതി ഇടക്കാല നിർദേശം നൽകിയത്. താൻ സംഗീതം നൽകി പുറത്തിറക്കിയ ഗാനങ്ങളുടെ പൂർണ അവകാശം തനിക്കാണെന്നും അവ പ്രക്ഷേപണം ചെയ്യുന്നതിനോ മാറ്റങ്ങൾ വരുത്തി പുതിയത് ചെയ്യുന്നതിനോ സോണി മ്യൂസിക്കിന് അധികാരമില്ലെന്നും ഇളയരാജ ഹർജിയിൽ വ്യക്തമാക്കി. ഹർജിയിൽ വാദം ഒക്ടോബർ 22-ന് തുടരും

പകർപ്പവകാശ നിയമത്തിലെ 2012-ലെ ഭേദഗതി വരുന്നതുവരെ ഗാനങ്ങളുടെ അവകാശം, സംഗീതസംവിധായകനും ഗാനരചയിതാക്കളും ഗായകരും പ്രതിഫലം വാങ്ങിയതിന് ശേഷം, സിനിമാ നിർമ്മാതാക്കൾക്കാണെന്നതാണ് സോണി മ്യൂസിക്കിന്റെ വാദം. 118 സിനിമകൾക്കായി ഇളയരാജ സംഗീതം നൽകിയ ഗാനങ്ങളുടെ അവകാശം നിർമ്മാതാക്കളിൽനിന്ന് സ്വന്തമാക്കിയിട്ടുണ്ടെന്നും, അവയുടെ പ്രക്ഷേപണം വിലക്കുന്ന ഇടക്കാല ഉത്തരവ് നൽകിയാൽ കമ്പനിയ്ക്ക് വലിയ നഷ്ടം സംഭവിക്കുമെന്നും സോണി മ്യൂസിക് കോടതിയെ അറിയിച്ചു.