80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് നിര്‍മാതാക്കള്‍; ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ റിവൈസിങ് കമ്മിറ്റി പരിശോധിക്കും

','

' ); } ?>

സുരേഷ് ഗോപി ചിത്രം ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക്‌ വിട്ടതായി കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോർഡ് അറിയിച്ചു. വ്യാഴാഴ്ച റിവൈസിങ് കമ്മിറ്റി ചിത്രം കാണും. റിലീസ് പ്രഖ്യാപിച്ച വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. നേരത്തെ, സ്‌ക്രീനിങ് കമ്മിറ്റി ചിത്രം കണ്ടിരുന്നു. ചിത്രത്തിന്റെ ടീസറിന് മൂന്നുമാസംമുമ്പ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ടായിരുന്നു.

സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ജാനകി എന്നായതാണ് സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു. എന്നാല്‍, ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് നിര്‍മാതാക്കളായ കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു.

സാധാരണയായി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കപ്പെടുകയും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യുകയാണ് പതിവെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ചില സാഹചര്യങ്ങളില്‍ ചെയര്‍മാന്‍ സ്വമേധയാ പ്രത്യേകം രൂപവത്കരിച്ച റിവൈസിങ് കമ്മിറ്റിക്ക് കൈമാറും. എന്നാല്‍, തങ്ങളുടെ ചിത്രം ചൊവ്വാഴ്ച മാത്രമാണ് റിവൈസിങ് കമ്മിറ്റിക്ക് വിട്ടതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കമ്മിറ്റിയുടെ തീരുമാനം വെള്ളിയാഴ്ചയ്ക്ക് മുമ്പായി കോടതിയെ അറിയിക്കാന്‍ ജസ്റ്റിസ് എന്‍. നഗരേഷിന്റെ ബെഞ്ച് ആവശ്യപ്പെട്ടു.

“നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കഥ സിനിമയാക്കിയിരിക്കുന്നത്. സിനിമയുടെ ടൈറ്റിലും കഥാപാത്രത്തിന്റെ പേരും മാറ്റണമെന്നാണ് സെൻസർ ബോർഡ് വാക്കാൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, അങ്ങനെ ചെയ്യണമെങ്കിൽ ഇനി കോടിക്കണക്കിന് രൂപയുടെ ചെലവും സമയനഷ്ടവും നേരിടേണ്ടി വരും. ബോർഡ് ഇതുവരെ കാരണം കാണിച്ചുകൊണ്ടുള്ള നോട്ടീസ് നൽകിയിട്ടില്ല. സിനിമയുടെ റിലീസ് സംബന്ധിച്ച് ആശങ്കയിലാണ്. ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാൾ ബിജെപിക്കാരനാണ്. അദ്ദേഹം കാണാത്ത എന്താണ് ബോർഡ് കണ്ടതെന്ന് അറിയില്ല. നിങ്ങൾ നിങ്ങളുടെ വഴിക്ക് പോകൂവെന്നാണ് ചിത്രത്തിലെ നായകനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്. സിനിമയുടെ സംവിധായകൻ പ്രവീൺ പറഞ്ഞു.