“പേര് മാറ്റാൻ കഴിയില്ല, ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിന്”; കേരള സ്റ്റോറി 2 ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ച് നിർമ്മാതാവ്

','

' ); } ?>

കേരള സ്റ്റോറി 2 ഹൈക്കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ച് സത്യവാങ്മൂലം സമർപ്പിച്ച് നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ. ചിത്രത്തിന്റെ പേര് മാറ്റാൻ കഴിയില്ലെന്നും, ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണെന്നും നിർമ്മാതാവ് പറഞ്ഞു.

“രണ്ട് മിനിറ്റ് ടീസർ കണ്ടു കൊണ്ട് ചിത്രത്തെ വിലയിരുത്താൻ പറ്റില്ല, കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങളാണ് ചിത്രം പറയുന്നത്. പേരിലെ ‘ഗോസ് ബിയോണ്ട്’ അതിനെയാണ് സൂചിപ്പിക്കുന്നത്. ടീസറിൽ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് സ്ത്രീകളെയാണ് കാണുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ള ദേശീയമായ പ്രതിഭാസത്തേയാണ് ടീസറിൽ കാണിക്കുന്നത്. കേരളത്തിൽ മാത്രമുള്ളതല്ല. ടൈറ്റിലിലെ ‘ഗോസ് ബിയോണ്ട്’ അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചതല്ല.” സത്യവാങ്മൂലത്തിൽ പറയുന്നു

കൂടാതെ “സെൻസർ ബോർഡിന്റെ അനുമതിക്കായി എല്ലാ നടപടികളും ചിത്രം പൂർത്തിയാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തടയാനുള്ള ഹർജി വൈകിയാണ് ഫയൽ ചെയ്തത്. ടീസർ പുറത്തിറങ്ങി 16 ദിവസം കഴിഞ്ഞാണ് കോടതിയെ സമീപിച്ചതെന്നും” സത്യവാങ്മൂലത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

അതേസമയം ചിത്രത്തിന്റെ ട്രെയ്‌ലറോ ടീസറോ പിൻവലിക്കാൻ കോടതി ഉത്തരവിട്ടിട്ടില്ലെന്ന് നിർമാണക്കമ്പനിയായ സൺഷൈൻ പിക്ചേഴ്സ് വെളിപ്പെടുത്തി. ടീസർ പിൻവലിക്കാൻ കോടതി ആവശ്യപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നിർമാതാക്കൾ ഔദ്യോ​ഗികമായി പുറത്തുവിട്ട പ്രസ്താവനയിലൂടെ പറയുന്നു.

വിദ്വേഷ പരാമർശങ്ങൾ നിറഞ്ഞ സിനിമയുടെ ട്രെയ്‌ലറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് ‘ദി കേരള സ്റ്റോറി 2’ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടാം ഭാഗത്തിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ മൂന്ന് അഭിനേതാക്കളാകും. ഇവരിൽ ഉൽക്ക ഗുപ്ത അവതരിപ്പിക്കുന്നത് മലയാളിയായ സുരേഖ നായർ എന്ന കഥാപാത്രത്തെയാണ്. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് ‘ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ സംവിധാനം ചെയ്തിരിക്കുന്നത്. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.