“അൽപ്പം മനുഷ്വത്വമുളള ഏതൊരു മനുഷ്യനും സീരീസ് കാണുമ്പോൾ കണ്ണ് നിറയും”; ഫാർമയെ കുറിച്ച് പ്രൊഡ്യൂസർ കൃഷ്ണൻ സേതുകുമാർ

','

' ); } ?>

തന്റെ ഏറ്റവും പുതിയ വെബ്‌സീരീസായ ‘ഫാർമയെ’ കുറിച്ചും, സീരിസിലേക്ക് നിവിൻ പോളിയെത്തിയതിനെ കുറിച്ചും മനസ്സ് തുറന്ന് പ്രൊഡ്യൂസർ
കൃഷ്ണൻ സേതുകുമാർ. താനെന്തിനാണ് ഈ സീരീസ് ചെയ്യുന്നത് എന്നാണ് നിവിൻ പോളി ആദ്യം ചോദിച്ചതെന്നും, തന്റെ മകനോടുള്ള അതിയായ സ്നേഹമാണ് നിവിൻ പോളി ഇത് ചെയ്യാൻ സമ്മതിച്ചതിലുള്ള ഒരു ഘടകമെന്നും കൃഷ്ണൻ സേതുകുമാർ പറഞ്ഞു. കൂടാതെ സീരീസ് പ്രായഭേദമന്യേ ആളുകൾക്ക് കണക്റ്റാവുമെന്നും, ചിത്രം പേടിയേക്കാൾ കൂടുതൽ “ഫാർമ” യെ കുറിച്ച് അവബോധം നൽകുമെന്നും കൃഷ്ണൻ സേതുകുമാർ കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കണ്ണ് നിറഞ്ഞ് കൊണ്ടാണ് ഞാനീ സീരീസിന്റെ കഥ കേൾക്കുന്നത്. അൽപ്പം മനുഷ്വത്വമുളള ഏതൊരു മനുഷ്യനും ഇത് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും. വളരെ സെൻസിറ്റീവായൊരു കാര്യമാണ് സീരീസ് പറയുന്നത്. അതിലൊരു സത്യസന്ധതയുണ്ട്. പ്രായഭേദമന്യേ ആളുകൾക്ക്
കണക്ട് ആവുന്ന ഒരു സബ്ജക്റ്റ് ആണിത്. അതായത് സീരീസ് കണ്ടിറങ്ങുമ്പോൾ പേടിയേക്കാൾ കൂടുതൽ “ഫാർമ” യെ കുറിച്ച് ഒരു അവബോധം സീരീസ് പ്രേക്ഷകർക്ക് നൽകും. ഒരു തരത്തിൽ പറഞ്ഞാൽ വളരെ ഇൻഫർമേറ്റീവ് ആയിട്ടുള്ള ചിത്രം. അത് കൊണ്ട് തന്നെ ചിത്രത്തിനെ ഒരു ത്രില്ലർ ജോണർ എന്നതിനേക്കാളുപരി ഒരു സോഷ്യൽ ഡ്രാമ എന്നു പറയാം.” കൃഷ്ണൻ സേതുകുമാർ പറഞ്ഞു.

“നിവിൻ പോളി ആദ്യമായി കഥ കേൾക്കാൻ വന്നപ്പോൾ ചോദിച്ചത് “എന്ത് കൊണ്ട് ഞാൻ” എന്നാണ്. അപ്പോൾ ഞാൻ പറഞ്ഞത് ഇത് അദ്ദേഹത്തിനൊരു ചെയിഞ്ചായിരിക്കും എന്നാണ്. വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു ചെയ്യുന്ന നടനാണ് നിവിൻ പോളി. അത് കൊണ്ട് തന്നെ ഇത്തരമൊരു കഥാപാത്രത്തിന് അദ്ദേഹം എന്ത് കൊണ്ടും അനിയോജ്യമായിരുന്നു. പിന്നെ അദ്ദേഹം അദ്ദേഹത്തിന്റെ മകനുമായി വളരെ അറ്റാച്ഡ് ആണ്. സീരീസാണെങ്കിൽ കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഒരു പ്രോജെക്റ്റുമാണ്. ആ അറ്റാച്ച്മെന്റ് അദ്ദേഹം ഈ സിനിമ തിരഞ്ഞെടുക്കാനുളള ഒരു ഘടകമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.” കൃഷ്ണൻ സേതുകുമാർ കൂട്ടിച്ചേർത്തു.

നിവിന്‍ പോളിയുടെ ആദ്യ വെബ് സിരീസ് കൂടിയാണ് “ഫാർമ”. പി ആര്‍ അരുണ്‍ സംവിധാനം ചെയ്ത സിരീസ് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ് ചെയ്തു കൊണ്ടിരിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസിന്റെ പശ്ചാത്തലത്തിലാണ് സീരീസ് കഥ അവതരിപ്പിക്കുന്നത്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി ഭാഷകളിലും സിരീസ് കാണാനാവും. സിരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിവിന്‍ പോളിയും, ബോളിവുഡ് നടന്‍ രജിത് കപൂറുമാണ്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷി ചിത്രത്തിലെ മികച്ച അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച രജിത് കപൂര്‍, മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷം എത്തിയ ചിത്രം കൂടിയാണിത്. ബിനു പപ്പു, നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിരീസിന് സംഗീതം പകർന്നത് ജേക്സ് ബിജോയാണ്.