“വേടന് പകരം ദിലീപിനായിരുന്നെങ്കിൽ എന്തുമാത്രം ബഹളമുണ്ടാകുമായിരുന്നു, ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ്”; കെ.പി. വ്യാസൻ

','

' ); } ?>

മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി നിർമാതാവും സംവിധായകനുമായ കെ.പി. വ്യാസൻ.
വേടൻ്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ എന്തുമാത്രം ബഹളമുണ്ടാകുമായിരുന്നെന്നും, ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“വേടൻ്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ കേരളത്തിലെ സാംസ്കാരിക നായികാ നായകന്മാർ എന്തുമാത്രം ബഹളം വച്ചേനെ. ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂ. ജൂറിയുടെ തീരുമാനം അന്തിമമാണ്. അത് അംഗീകരിക്കുന്നവർ മാത്രം അവാർഡിന് അയച്ചാൽ മതി എന്ന് നിബന്ധനയും ഉണ്ട്. പ്രകാശ് രാജ് ആണ് ജൂറി ചെയർമാനെങ്കിലും ഞാൻ ഈ അവാർഡിനെ അംഗീകരിക്കുന്നു.” വ്യാസൻ കുറിച്ചു.

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിലെ വിയർപ്പുതുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന് പുരസ്‌കാരം ലഭിച്ചത്. ”യുവതലമുറയുടെ ജീവിതവും അഭിലാഷങ്ങളും സ്വപ്നവുമാണ് വേടന്റെ വാക്കുകളില്‍ മുഴുങ്ങുന്നത്. സ്ഥിരം കാല്പനികഗാനങ്ങളിലെ ബിംബങ്ങളില്‍നിന്ന് വ്യത്യസ്തമായി ആ എഴുത്തിലെ അതിജീവനത്തിനുള്ള ത്വര ജൂറിക്ക് കാണാതിരിക്കാനായില്ല. ഉത്തരവാദിത്വം നിറഞ്ഞ എഴുത്ത്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ചേര്‍ന്ന ഗാനം. വേടന്റേത് റാപ് സംഗീതമാണ്”-മികച്ച ഗാനരചയിതാവായി വേടനെ പരിഗണിച്ചതിനെക്കുറിച്ച് ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് വിശദീകരിച്ചതിങ്ങനെയാണ്. വ്യവസ്ഥാപിത എഴുത്തുരീതികളെ അതിലംഘിക്കുന്ന വേടന്റെ പാട്ടിനെ അംഗീകരിക്കണമെന്ന പ്രകാശ് രാജിന്റെ നിര്‍ദേശത്തെ എതിര്‍പ്പുകള്‍ക്കിടയിലും ജൂറിയില്‍ ചിലര്‍ പിന്താങ്ങി.