ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജോധ്പൂര്‍ ഉമൈദ് ഭവന്‍ കൊട്ടാരത്തിലാണ് ഇവരുടെ ആഡംബര വിവാഹച്ചടങ്ങുകള്‍ നടക്കുക. ഇരുവരും നേരത്തേ തന്നെ ജോധ്പൂറിലേയ്ക്ക് തിരിച്ചു. മെഹന്തി, സംഗീതച്ചടങ്ങുകളോടെ ഇന്നുതുടങ്ങുന്ന വിവാഹാഘോഷം നാലുദിവസം നീണ്ടുനില്‍ക്കും. ഡിസംബര്‍ 2,3 തീയ്യതികളിലായിട്ടാണ് വിവാഹം. ഹിന്ദു,ക്രിസ്ത്യന്‍ ആചാരപ്രകാരം രണ്ടുരീതിയില്‍ ചടങ്ങുകള്‍ നടക്കും.
ഡിസംബര്‍ മൂന്നിന് ഡല്‍ഹിയില്‍ വച്ചായിരിക്കും ആദ്യ വിവാഹവിരുന്ന്. പിന്നാലെ സിനിമാ സുഹൃത്തുക്കള്‍ക്കായി മറ്റൊരു സത്കാരവും ഉണ്ടാകും. മെഹന്തിക്കുശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പ്രത്യേകം കോക്ക്‌ടെയില്‍ വിരുന്നും ഇരുവരും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.
നാലുകോടി രൂപയാണ് ഉമൈദ് പാലസിലെ ചടങ്ങുകള്‍ക്കുവേണ്ടി മാത്രം ചെലവാക്കുന്നത്. ചടങ്ങുകള്‍ക്കായി നിക്കിന്റെ കുടുംബവും സുഹൃത്തുക്കളും അമേരിക്കയില്‍ നിന്ന് മുംബയിലെത്തിക്കഴിഞ്ഞു. പ്രത്യേക ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലാകും വിവാഹസംഘം ജോധ്പൂരിലെത്തുക. പിന്നീട് ചോപ്പറില്‍ പാലസിലെത്തും.
വിവാഹത്തിനെത്തുന്നവരെ വെറും കൈയോടെ മടക്കി അയക്കാന്‍ ഇവര്‍ തയ്യാറല്ല. ഒരു വശത്ത് നിക്കിന്റെയും പ്രിയങ്കയുടെയും ഇനിഷ്യലുകളും മറുവശത്ത് ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങളും ആലേഖനം ചെയ്ത വെള്ളി നാണയങ്ങളാണ് എല്ലാവര്‍ക്കും സമ്മാനമായി കൊടുക്കാന്‍ പോവുന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഡല്‍ഹി താജ് പാലസില്‍ പ്രത്യേക വിവാഹസ്തകാരവും സംഘടിപ്പിച്ചിരിക്കുകയാണ്. വിവാഹാഘോഷങ്ങള്‍ക്ക് വേണ്ടി മാത്രം നാല് കോടിയോളം രൂപ ചിലവ് വരുമെന്നാണ് സൂചന.