
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ‘ദായ്റ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കരീന കപൂറാണ് നായിക. റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മേഘ്ന ഗുൽസാർ ഒരുക്കുന്ന ചിത്രത്തിൽ പൊലീസ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജെത്തുന്നത്. ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് ദായ്റ. കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ച് ഈ ചിത്രം സംസാരിക്കുന്നു.
ജംഗ്ലീ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന സിനിമ ഒരു ക്രൈം ഡ്രാമയാണ് ചിത്രം. റാസി, തൽവാർ, ബദായി ദോ തുടങ്ങിയ മികച്ച സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിച്ച ജംഗ്ലീ പിക്ചേഴ്സും ഡോ. ജയന്തിലാൽ ഗാഡയുടെ നേതൃത്വത്തിലുള്ള ബോളിവുഡ് ബാനറായ പെൻ സ്റ്റുഡിയോസും (ആർആർആർ, ഗം ഗുഭായ് കത്തിയാവാഡി) ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ദായ്റക്ക്. വലിയ കാൻവാസിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
ഷൂട്ടിങ്ങിന്റേതായി ആദ്യം പുറത്തുവന്ന ദൃശ്യങ്ങൾ തന്നെ ദായ്റ ശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ക്രൈം ത്രില്ലറായിരിക്കും എന്ന സൂചന നൽകുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നത്. മേഘ്നയോടൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് തിരക്കഥ. പിആർഒ സതീഷ് എരിയാളത്ത്.