ഒന്നുകില്‍ ഈ മരുഭൂമിയിലെ ക്യാമ്പില്‍ കഴിയുക, അല്ലെങ്കില്‍ ഷൂട്ട് തുടരുക ; പൃഥ്വിരാജ്

','

' ); } ?>

ആടുജീവിതത്തില്‍ അഭിനയിക്കുന്ന ഒമാന്‍ നടന്‍ ജോര്‍ദാനിലെ ഹോട്ടലില്‍ കൊറോണ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഹോം ക്വാറന്റീനിലാണെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇതിനേ തുടര്‍ന്ന് പൃഥ്വിരാജും മറ്റ് അണിയറപ്രവര്‍ത്തകരും സുരക്ഷിതരാണൊ എന്ന ആശങ്ക ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ തങ്ങള്‍ സുരക്ഷിതരാണെന്നറിയിച്ച് പൃഥ്വിരാജ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വിരാജ് വിവരങ്ങള്‍ പങ്കുവെച്ചത്.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘സുരക്ഷിതരായിരിക്കൂ. ഇതൊക്കെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളാണ്. ഒറ്റക്കെട്ടായി ചിന്തിക്കുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയം. ഇഷ്ടപ്പെട്ടവരില്‍ നിന്നു പോലും അകലം പാലിക്കേണ്ട സമയം..ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെല്ലുവിളിയെ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാനാവൂ. എന്റെയും ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകരുടെയും സുരക്ഷയെക്കരുതി സന്ദേശങ്ങളയച്ച് ക്ഷേമമന്വേഷിച്ച ഏവര്‍ക്കും വലിയ നന്ദി..

ജോര്‍ദാനിലെ വാദി റമ്മിലാണ് ഞങ്ങളിപ്പോള്‍. ഷൂട്ട് തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു തന്നെയാണ് ഉചിതമായ മാര്‍ഗം. അതിനാലാണ് ഷൂട്ട് തുടരാന്‍ തീരുമാനിച്ചത്. ജോര്‍ദാനിലെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. എല്ലാവരും ഇവിടെയായ സ്ഥിതിക്ക് ഒന്നുകില്‍ ഈ മരുഭൂമിയിലെ ക്യാമ്പില്‍ കഴിയുക, അല്ലെങ്കില്‍ ക്യാമ്പില്‍ നിന്നും അത്ര ദൂരെയല്ലാത്ത ലൊക്കേഷനില്‍ പോയി ഷൂട്ട് തുടരുക. അധികാരികളെ കണ്ടു. യൂണിറ്റിലെ ഓരോ അംഗത്തിനും മെഡിക്കല്‍ ചെക്കപ്പ് നടത്തി. ലൊക്കേഷന്‍ ഒറ്റപ്പെട്ട സ്ഥലത്തായതിനാല്‍ അപകടമില്ല. ഷൂട്ട് തുടരാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

ഞങ്ങളുടെ യൂണിറ്റിലെ രണ്ട് നടന്‍മാര്‍ അമ്മന്‍ എന്ന സഥലത്ത് ക്വാറന്റൈനിലാണ്. ഒരേ വിമാനത്തില്‍ സഞ്ചരിച്ചവര്‍ക്കൊപ്പം അവരും നിരീക്ഷണത്തിലാണ്. രണ്ടാഴ്ച്ചത്തെ ക്വാറന്റൈന്‍ സമയം കഴിഞ്ഞ് അവര്‍ നമുക്കൊപ്പം വീണ്ടും ചേരുമെന്നു തന്നെയാണ് പ്രതീക്ഷ. അധികാരികള്‍ തരുന്ന നിര്‍ദേശങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുക. അവ അനുസരിക്കുക. ഭയക്കാതിരിക്കുക.’