
തന്റെ സ്വപ്‌നത്തെക്കുറിച്ച് മനസു തുറന്ന് നടന്‍ പൃഥ്വിരാജ്. മലയാള സിനിമയെ ലോക സിനിമയുടെ നെറുകയില്‍ ഭാഷയ്ക്കും സംസ്‌ക്കാരത്തിനുമപ്പുറം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്ന ചിത്രങ്ങള്‍ കൊണ്ടുവരണം എന്നാണ് ന്യൂയര്‍ ദിനത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പൃഥ്വിരാജ് പറയുന്നത്. പൃഥ്വിരാജിന്റെ പുതിയ ചിത്രമായ നയനിന്റെ ട്രെയിലര്‍ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടാണ് മലയാള സിനിമയെക്കുറിച്ചുള്ള സ്വപ്‌നം പൃഥ്വിരാജ് പങ്കുവെച്ചത്.
‘മലയാള സിനിമ അതിര്‍ത്തികള്‍ ഭേദിച്ചു വളരണമെങ്കില്‍ അത്യന്തികമായി കേരളത്തെയോ മലയാളത്തെയോ അറിയാത്ത സിനിമാ ആസ്വാദകര്‍, അവര്‍ റിലേറ്റ് ചെയ്യുന്ന തരം സിനിമകള്‍ മലയാള ഭാഷയില്‍ നിര്‍മ്മിക്കപ്പെടണം. അതു പോലെതന്നെ ഭാഷയ്ക്കും സംസ്‌കാരത്തിനുമപ്പുറം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്ന സിനിമ. അതാണ് സ്വപ്‌നം.’ പൃഥ്വിരാജ് വീഡിയോയില്‍ പറയുന്നു.
താരത്തിന്റെ സിനിമകളിലെ ക്ലിപ്പിങ്ങുകള്‍ കൂട്ടിച്ചേര്‍ത്താണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയനിന്റെ ട്രെയ്‌ലര്‍ ജനുവരി ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്. വാമിക ഗബ്ബി, മംമ്ത മോഹന്‍ദാസ്, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരില്‍ സുപ്രിയ മേനോനും എസ്പിഇ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കൂടാതെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് രാജ്യാന്തരമായും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.