
സംവിധായകൻ തരുൺ മൂർത്തിയെ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് ദ്രൗപതി മുർമു. ഈ വരുന്ന സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ് ഹോം റിസപ്‌ഷൻ’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. തരുൺ മൂർത്തി തന്നെയാണ് ഈ കാര്യം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ അറിയിച്ചത്. ക്ഷണം ലഭിച്ചത് ഒരു ബഹുമതിയായി കാണുന്നുവെന്ന് തരുൺ മൂർത്തി ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.
‘നമ്മുടെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ്-ഹോം റിസപ്ഷനിലേക്ക്’ പ്രസിഡന്റ് ദ്രൗപതി മുർമു എന്നെ ക്ഷണിച്ചിരിക്കുന്നു. ഇതൊരു ബഹുമതിയായി കരുതുന്നു’, തരുൺ മൂർത്തി കുറിച്ചു.
നടി ചിപ്പിയും മകൾ അവന്തികയും തരുണിന് അഭിനന്ദനം നേർന്നിട്ടുണ്ട്. അഭിമാനകരവും പ്രചോദനാത്മകവുമായ നിമിഷമാണെന്നും, നാഷണൽ അവാർഡ് ഉറപ്പിക്കാമെന്നുമാണ് ആരാധകരുടെ കമന്റ്.
മൂന്നു ചിത്രങ്ങൾ മാത്രമാണ് തരുൺ മലയാളത്തിൽ ചെയ്തത്. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച വിജയമാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായ തുടരും സ്വന്തമാക്കിയത്. ഫഹദ് ഫാസിൽ, തമിഴ് നടൻ അർജുൻ ദാസ്, നസ്ലിൻ, ഗണപതി എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ടോർപിഡോ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് തരുൺ ഇപ്പോൾ. നടൻ ബിനു പപ്പുവാണ് തിരക്കഥ. സുഷിൻ ശ്യാം ഒരിടവേളയ്ക്കുശേഷം സംഗീത സംവിധായകനായി തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ടോർപിഡോയ്ക്കുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമാണം.