
ഒരു യുഗസന്ധ്യ,ശോഭരാജ്, അമൃതംഗമയ,ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങിയ മനോഹരമായ ചിത്രങ്ങളുടെ നിര്‍മ്മാതാവ് പി.കെ ആര്‍ പിള്ള മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാതെ അവസ്ഥയിലാണ് ഇപ്പോള്‍. മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ചിത്രങ്ങള്‍ സമ്മാനിച്ച ഷിര്‍ദ്ദിസായി ക്രിയേഷന്‍സിന്റെ ബാനറിലായിരുന്നു പി കെ ആര്‍ പിള്ള എന്ന വ്യവസായി ഈ സിനിമകള്‍ നിര്‍മ്മിച്ചത്.
22 ഓളം സിനിമകളുടെ നിര്‍മ്മാതാവ് തൃശ്ശൂര്‍ പീച്ചിയിലെ വീട്ടില്‍ ദുരിത ജീവിതം തള്ളിനീക്കുന്ന വിവരം നിര്‍മ്മാതാവ് സജി നന്ദ്യാട്ട് നിര്‍മ്മാതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചതോടെയാണ് പുറം ലോകം അറിയുന്നത്.
ശ്രദ്ധേയമായ ധാരാളം സിനിമകള്‍ നിര്‍മ്മിച്ച അദ്ദേഹത്തിന് ഇന്ത്യയിലെ വന്‍ നഗരങ്ങളിലെല്ലാം തന്നെ കച്ചവട സാമ്രാജ്യങ്ങളുമുണ്ടായിരുന്നു. അറിയപ്പെടുന്ന വ്യവസായി കൂടിയായ പിള്ളയുടെ ബിസിനസ് സാമ്രാജ്യം അടുപ്പക്കാരായ പലരും കൈയടക്കിയതോടെയാണ് പ്രതാപകാലം മങ്ങിയതെന്നാണ് സൂചനകള്‍. കൊച്ചിയിലടക്കം കൈവശമുണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങള്‍ പലതും ഇപ്പോള്‍ മറ്റു പലരുടെയും കൈകളിലായെന്നും പറയപ്പെടുന്നു.
ഓര്‍മ്മ നശിച്ച അദ്ദേഹം, മൂന്ന് വര്‍ഷം മുന്‍പ് മരിച്ചുപോയ മകന്‍ വരുമെന്ന് കാത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയാണിപ്പോള്‍. മരുന്നിനോ ചികിത്സക്കോ നിര്‍വാഹമില്ല. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന മകളെ കെട്ടിച്ചയക്കാനും സാധിച്ചില്ല. ഒരു കാലത്ത് സൂപ്പര്‍ താരങ്ങള്‍ക്ക് കോടികള്‍ പ്രതിഫലം നല്‍കിയിരുന്ന നിര്‍മ്മാതാവാണ് ഇന്ന് ഇത്തരമൊരവസ്ഥയെ നേരിടുന്നത്.