ഉള്ളുലച്ച് അമുദനും പാപ്പായും – പേരന്‍പ് മൂവി റിവ്യു

','

' ); } ?>

ദേശീയ അവാര്‍ഡ് ജേതാവ് റാം ഒരുക്കിയ മമ്മൂട്ടി ചിത്രം പേരന്‍പ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അച്ഛന്റെയും മകളുടെയും ജീവിതം പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ പന്ത്രണ്ട് അധ്യായങ്ങളായി പറഞ്ഞിരിക്കുകയാണ് ചിത്രത്തിലൂടെ റാം. മുന്‍പൊരുക്കിയ ചിത്രങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് ചാര്‍ത്തിയ സംവിധായകനൊപ്പം മമ്മൂട്ടി എത്തുമ്പോള്‍ തീര്‍ത്തും അവിസ്മരണീയമായ അനുഭവമാണ് ചിത്രം കാണുന്ന പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നില്ല, മറിച്ച് ജീവിക്കുകയായിരുന്നു മമ്മൂട്ടി.

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ് അമുദന്‍ എന്ന മമ്മൂട്ടി കഥാപാത്രം. പത്ത് വര്‍ഷത്തിലേറെയായി അയാള്‍ ഗള്‍ഫില്‍ ജോലി നോക്കുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍, മകളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം പോകുന്നത് അയാളുടെ ജീവിതത്തില്‍ കനത്ത തിരിച്ചടിയാകുന്നു. മകളുടെ സംരക്ഷണം പൂര്‍ണമായി അയാളില്‍ മാത്രം ഒരുങ്ങുന്ന സാഹചര്യമാണ് പിന്നീട് വന്നു ചേരുന്നത്. പാപ്പ എന്ന് വിളിക്കുന്ന മകള്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന സാഹചര്യത്തില്‍ ഒരേ ഒരു രക്ഷാകര്‍ത്താവ് എന്ന നിലയില്‍ അമുദന്‍ നേരിടുന്ന മാനസിക സംഘര്‍ഷമാണ് പേരന്‍പിന്റെ പ്രമേയം.

ഒരു കാലത്ത് കാമ്പുള്ള നിരവധി കഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയിലെ മികവുറ്റ നടന്‍ പ്രേക്ഷകമനസ്സുകളെ തൊട്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കാവുന്ന കഥാപാത്രമാണ് അമുദവന്‍. ഒരു സങ്കടക്കടല്‍ തന്നെ ഉള്ളിലൊതുക്കി ജീവിക്കുന്ന കഥാപാത്രം. മകള്‍ക്ക് തുണ എന്നതിനപ്പുറം ജീവിതത്തിന്റെ നിറങ്ങളെല്ലാം കെട്ടുപോയൊരു മനുഷ്യന്റെ വ്യഥ പ്രേക്ഷകരുടെ ഉള്ളില്‍ത്തട്ടുംവിധം മമ്മൂട്ടി അഭിനയിച്ചു. പേരന്‍പ് സാധനയുടെ രണ്ടാംചിത്രമാണ്. എത്രത്തോളം അനുഭവസമ്പത്തുള്ള അഭിനേത്രിക്കും ഫലിപ്പിക്കാന്‍ പ്രയാസമുള്ള കഥാപാത്രത്തെ അതിഗംഭീരമാക്കി ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സാധന. വീട്ടുജോലിക്കാരിയായി വേഷമിട്ട അഞ്ജലി, ട്രാന്‍സ്‌ജെന്‍ഡര്‍ ലൈംഗിക തൊഴിലാളിയായി വേഷമിട്ട അഞ്ജലി അമീര്‍ എന്നിവരുടെയും അഭിനയം എടുത്തുപറയേണ്ടതാണ്.

ഛായാഗ്രാഹകന്‍ തേനി ഈശ്വറും എഡിറ്റര്‍ സൂര്യ പ്രഥമനും പ്രകൃതിയുടെ വിവിധ ഭാവങ്ങളെ ഒറ്റ ഒഴുക്കായി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. യുവാന്‍ ശങ്കര്‍ രാജയുടെ പശ്ചാത്തല സംഗീതവും ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന മനോഹരമായ ചിത്രമാണ് പേരന്‍പ്. മമ്മൂട്ടിയിലെ മാറ്റുള്ള അഭിനേതാവിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പ് സംഭവിക്കുകയാണ് പേരന്‍പിലൂടെ.