പിസ, ജിഗര്‍തണ്ട, ഇരൈവി, മെര്‍ക്കുറി തുടങ്ങിയ സിനിമകളിലൂടെ തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് തമിഴ് സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. ഈയിടെ പുറത്തിറങ്ങി വന്‍ വിജയം കൈവരിച്ച രജനി ആക്ഷന്‍ മാസ്സ് എന്റര്‍റ്റെയ്‌നറായ പേട്ടയും അദ്ദേഹത്തിന്റെ സംഭാവനയാണ്. എന്നാല്‍ തന്റെ വ്യത്യസ്തത അദ്ദേഹം തന്റെ വ്യക്തിത്വത്തിലും പുലര്‍ത്തുകയാണ് ഇപ്പോള്‍. ഫെബ്രുവരി 1ന് പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ക്ലാസ്സ് ആക്ഷന്‍ ചിത്രം പേരന്‍പിന് ആശംസകളുമായെത്തിയാണ് കാര്‍ത്തിക്ക് സുബ്ബരാജ് വീണ്ടും തന്റെ മേഖലയോടുള്ള അടുപ്പത്തെ തുറന്ന് കാട്ടുന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു മമ്മൂക്കയെ തമിഴിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് കാര്‍ത്തിക്ക് എത്തിയത്. ഒരു ദശാബ്ദത്തിന് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്ന, ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായ മമ്മൂട്ടി സാറിനെ തമിഴകത്തേക്ക് നമ്മുക്ക് വീണ്ടും സ്വാഗതം ചെയ്യാം എന്നായിരുന്നു കാര്‍ത്തിക്ക് ട്വീറ്റ് ചെയ്തത്. ഒപ്പം ചിത്രത്തിന്റെ സംവിധായകനായ രാം സാറിന്റെ മാജിക് കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചു. നിരവധി ചലച്ചിത്ര മേളകളിലും അന്താരാഷ്ട്ര വേദികളിലും ശ്രദ്ധ പിടിച്ചുപറ്റിയ പേരന്‍പിലെ മമ്മൂട്ടിയുടെ അഭിനയത്തേക്കുറിച്ച് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോഴെ പ്രേക്ഷകര്‍ കൗതുകം പ്രകടിപ്പിച്ചിരുന്നു. ഭാഷകള്‍ക്കപ്പുറത്തേക്ക് സിനിമകള്‍ സഞ്ചരിക്കുന്ന ഒരു അവസ്ഥയാണ് അദ്ദേഹത്തിന്റെ ഈ അഭിനയ മികവ് തെളിയിച്ചിരിക്കുന്നത്.
കാര്‍ത്തിക് പുറത്ത് വിട്ട ട്വീറ്റ് താഴെ..