
വൃന്ദ രാജൻ എന്ന് പറഞ്ഞാൽ പെട്ടന്ന് മനസ്സിലാവണമെന്നില്ല. പക്ഷെ തന്റെ പരിമിതികളെ ശബ്ദം കൊണ്ട് കീഴടക്കിയ ഒരു ഗായികയെ നമുക്ക് പെട്ടന്ന് മനസ്സിലാകും. കാസർഗോഡ് നീലേശ്വരം സ്വദേശി വൃന്ദ രാജൻ. കണ്ണിനു കാഴ്ചയില്ലാതെയാണ് വൃന്ദയുടെ ജനനം. എന്നാൽ ഇന്ന് തന്റെ ഇൻസ്റ്റാഗ്രാം പേജും, ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോ എഡിറ്റ് ചെയ്യുന്നതുമുൾപ്പടെ വൃന്ദ തനിയെ ചെയ്യും. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ വൈറലായതിനെ കുറിച്ചും കാഴ്ചയില്ലാത്തത് കൊണ്ട് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് വൃന്ദ. ബസ്സിൽ യാത്ര ചെയ്യുമ്പോൾ ആളുകൾ തന്നെപോലെയുള്ളവരെ ഒരു വസ്തുവായിട്ടാണ് കാണുന്നതെന്നും ആ സമീപനത്തിന് മാറ്റം വരണമെന്നുമാണ് വൃന്ദ പറയുന്നത്. ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വൃന്ദ.
‘എന്റെ അവസ്ഥയെ ആരും കളിയാക്കിയിട്ടൊന്നും ഇല്ല. ഈ അവസ്ഥയിൽ ഞാൻ ഇപ്പോൾ തൃപ്തയാണ്. എന്റെ കാര്യങ്ങളെല്ലാം എനിക്ക് തന്നെ ചെയ്യാൻ കഴിയുന്നുണ്ട്. എന്റെ ഇൻസ്റാഗ്രാമിൻ അക്കൗണ്ട് ഇപ്പോൾ ഞാൻ തന്നെയാണ് മാനേജ് ചെയ്യുന്നത്. ആദ്യം ചേച്ചിയായിരുന്നു. ഇപ്പോൾ എനിക്ക് തന്നെ ചെയ്യാൻ കഴിയും. കാഴ്ചയുള്ള ആളുകൾ ചെയ്യുന്നതൊക്കെ ഞാൻ ചെയ്യും. പിന്നെ ബസ്സിലൊക്കെ യാത്രചെയ്യുമ്പോൾ ആളുകൾ “അതിന് ആരെങ്കിലും ഒരു സീറ്റ് ഒഴിഞ്ഞു കൊടുക്കൂ” എന്നൊക്കെയാണ് പറയുക. ഞങ്ങളെപോലെയുള്ളവർക്ക് ബസ്സിൽ കൺസെഷനും കാര്യങ്ങളും ഒക്കെ ഉണ്ട്. പക്ഷെ അതിനെ ആരും മര്യാദയോടെ സമീപിക്കാറില്ല. ആ അവസ്ഥ മാറണം. ഒന്ന് സമൂഹത്തിൽ നിന്നുള്ള സിമ്പതി അല്ല നമ്മൾ പ്രതീക്ഷിക്കുന്നത്. അവരിലൊരാളായി നമ്മളെയും കാണണം എന്നാണ് എന്റെ ആഗ്രഹം. ഞാനീ പറയുന്നത് എനിക്ക് വേണ്ടി മാത്രമല്ല. എന്നെ പോലെയുള്ളവരുടെ ഒരു റെപ്രെസെന്റേറ്റീവ് ആയിട്ടാണ്. വൃന്ദ പറഞ്ഞു. തന്നെയുമല്ല ചില ആളുകൾക്കൊക്കെ നമ്മളെ കാണുമ്പോൾ പേടിയാണ്, നമ്മൾ അവരെ എന്തെങ്കിലും ചെയ്യും എന്ന തോന്നലാണ്. വൃന്ദ കൂട്ടി ചേർത്തു.