‘ഇന്നി’ന്റെ കഥയുമായ് ഒരു കുപ്രസിദ്ധ പയ്യന്‍- റിവ്യൂ

','

' ); } ?>

തലപ്പാവ്, ഒഴിമുറി എന്നീ സിനിമകള്‍ക്ക് ശേഷം മധുപാലിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’. ‘തീവണ്ടിയുടെ’ വിജയത്തിന് ശേഷം ടോവിനോയുടെ സിനിമ എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. അജയനെന്ന സാധാരണക്കാരന്റെ കഥയാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’.

സ്വന്തമെന്നു പറയാനോ, ഒരാപത്തില്‍ വീണു പോയാല്‍ താങ്ങി നിര്‍ത്താനോ പറയത്തക്ക ബന്ധുക്കളൊന്നുമില്ലാത്തവനാണ് അജയന്‍. അനാഥത്വം സമ്മാനിച്ച അരക്ഷിതാവസ്ഥകള്‍ മഞ്ഞു പോല്‍ കണ്ണിലുറഞ്ഞു കൂടിയവന്‍. സ്‌നേഹം കൊണ്ട് അവനെ ചേര്‍ത്തു നിര്‍ത്തുന്ന അമ്മയെ പോലെയുള്ള ഒരു സാന്നിധ്യം, ചെമ്പകമ്മാള്‍. ഒരു അര്‍ദ്ധരാത്രി ദുരൂഹസാഹചര്യത്തില്‍ ചെമ്പകമ്മാള്‍ കൊല്ലപ്പെടുന്നതോടെ, ആ മരണം അജയനെയും പ്രതിക്കൂട്ടില്‍ കയറ്റുന്നു.

എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ആര്‍ക്കു വേണമെങ്കിലും സംഭവിക്കാന്‍ സാധ്യതയുള്ള ‘ഇന്നി’ന്റെ കഥയാണ് ‘ഒരു കുപ്രസിദ്ധ പയ്യനി’ലൂടെ പറയുന്നത്. സ്വത്വം വെളിപ്പെടുത്താനില്ലാത്ത നിസ്സഹായാനായ നായകനെ ടോവിനോ തന്മയത്വത്തോടെ അവതരിപ്പിച്ചു. ടൊവിനോയുടെ മികച്ച സിനിമകളില്‍ ഒന്ന് തന്നെയാകും ഒരു കുപ്രസിദ്ധ പയ്യന്‍ എന്നതില്‍ സംശയമില്ല.

ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് ടൊവിനോ തോമസും ശരണ്യ പൊന്‍വണ്ണനും നിമിഷ സജയനും നെടുമുടി വേണുവും സുരേഷ് കുമാറും സുജിത് ശങ്കറുമെല്ലാം കാഴ്ച വെച്ചിരിക്കുന്നത്.അനു സിത്താര, ബാലു വര്‍ഗ്ഗീസ്, സിദ്ദീഖ്, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, മാലാ പാര്‍വതി, സുധീര്‍ കരമന, ശ്വേതാ മേനോന്‍, ഉണ്ണിമായ തുടങ്ങി ചെറുതും വലുതുമായി കഥയില്‍ വന്നു പോവുന്ന അഭിനേതാക്കളെല്ലാം അവരുടെ ഭാഗങ്ങള്‍ മനോഹരമാക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.

ഒരു  ക്രൈം ത്രില്ലറായാണ് മധുപാല്‍ എന്ന സംവിധായകന്‍ ഇത്തവണ മലയാളികള്‍ക്കു ഈ സിനിമയെത്തിച്ചിരിക്കുന്നത്. നടന്ന സംഭവങ്ങളെ ആസ്പദമാക്കി സിനിമകള്‍ സംവിധാനം ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന സംവിധായകനാണ് മധുപാല്‍.നൗഷാദ് ഷെരീഫിന്റെ ഛായാഗ്രഹണവും വി. സാജന്റെ എഡിറ്റിംഗും ഏറെ മികവു പുലര്‍ത്തിയിട്ടുണ്ട്. കെട്ടുറപ്പുള്ള കഥയും തിരക്കഥയുമാണ് ഒരു കുപ്രസിദ്ധ പയ്യന്റെ വിജയത്തിന് പിന്നില്‍. ഇന്നത്തെ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ‘ഒരു കുപ്രസിദ്ധ പയ്യന്‍’ ഏറെ പ്രസക്തമായൊരു വിഷയമാണ് കൈകാര്യം ചെയ്തത്‌.