
സംവിധായകൻ ലോകേഷ് കനകരാജും സൂപ്പർസ്റ്റാർ രജനികാന്തും ആദ്യമായി കൈകോർക്കുന്ന ചിത്രം ‘കൂലി’യുടെ റിലീസിന് ഇനി നൂറ് ദിവസം മാത്രമാണ് ബാക്കി. ഇപ്പോഴിതാ നിർമാതാക്കളായ സൺ പിക്ചേഴ്സ് ഒരു സ്പെഷ്യൽ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
രജനികാന്തിന്റെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ വർഷം ഓഗസ്റ്റ് 14-നാണ് തീയേറ്ററുകളിലെത്തുന്നത്. പ്രൊമോ വീഡിയോയിൽ രജനികാന്തിനൊപ്പം സൗബിൻ ഷാഹിർ, ഉപേന്ദ്ര, സത്യരാജ്, നാഗാർജുന എന്നിവരെയും കാണാം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിൽ ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സംഗീതം അനിരുദ്ധ് രവിചന്ദറിന്റേതാണ്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു.
ഇതിനൊപ്പം, രജനികാന്തിന്റെ മറ്റൊരു വലിയ പ്രോജക്റ്റായ ‘ജയിലർ 2’ നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ ഇപ്പോൾ ചിത്രീകരണത്തിലാണ്. ഈ സിനിമയും സൺ പിക്ചേഴ്സിന്റെ ബാനറിൽ അനിരുദ്ധിന്റെ സംഗീത സഹകരണത്തോടെയാണ് ഒരുങ്ങുന്നത്.